പാലാ|
Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (16:47 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം ഉൾപ്പടെയുള്ള
വകുപ്പുകൾ ചുമത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പാലാ മജിസ്ട്രേറ്റ്
കോടതിയിലാണ് കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് 200 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, പ്രകൃതി വിരുദ്ധ ലൈംഗികപീഡനം ഉൾപ്പടെ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐ പിസി 342, 376(2)(കെ) 376 (2) എന്‍ 376(സി) (എ) 377 506(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സാക്ഷികൾ കൂറുമാറാതിരിക്കാൻ പ്രധാനപ്പെട്ട 10 സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഈ മൊഴി രേഖപ്പെടുത്തിയ ഏഴ് മജിസട്രേറ്റുമാരും സാക്ഷികളാണ്. മൊഴികളെല്ലാം ക്യാമറയിലും പകർത്തിയിട്ടുണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബു എസ്പി ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.
കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉൾപ്പടെ കേസിൽ 83 സാക്ഷികളാണുള്ളത്. മൂന്ന് ബിഷപ്പുമാരുടെയും 11 വൈദികരുടെയും 25 കന്യാസ്ത്രീകളുടെയും മൊഴികളും കുറ്റപത്രത്തിലുണ്ട്.
അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, അന്യായമായി തടഞ്ഞുവച്ചു, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.