ചിപ്പി പീലിപ്പോസ്|
Last Updated:
വ്യാഴം, 24 ഒക്‌ടോബര്‍ 2019 (10:55 IST)
62.66% ശതമാനം പോളിംഗ് ആണ് ഇത്തവണ വട്ടിയൂർക്കാവിൽ രേഖപ്പെടുത്തിയത്. ഇതാദ്യമായിട്ടായിരുന്നു ഇത്രയും കുറവ് പോളിംഗ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാൾ കുറവ് പോളിംഗ് രേഖപ്പെടുത്തിയിട്ടും എൽ ഡി എഫിന്റെ മുന്നേറ്റം കോൺഗ്രസിനെ ഞെട്ടിക്കുന്നതാണ്. യുഡിഎഫിന്റെ സുരക്ഷാക്കോട്ടയായ വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന്റെ തേരോട്ടമാണ്. വിജയക്കുതിപ്പിലേക്ക് എൽ ഡി എഫ്.
നിലവിലെ സാഹചര്യത്തിൽ 9515 വോട്ടിന്റെ ലീഡാണ് വി കെ പ്രശാന്ത് ഉയർത്തുന്നത്. ‘മേയർ ബ്രോ’ മണ്ഡലത്തിൽ അദ്ഭുതം കാണിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെയും രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലെയും മൂന്നാം സ്ഥാനം എന്ന നാണക്കേടിന് അന്ത്യം കുറിച്ചിരിക്കുകയാണ് വി കെ പ്രശാന്ത്. ‘മേയർ ബ്രോ’ പരിവേഷത്തിൽ പ്രശാന്തിനു രാഷ്ട്രീയാതീത പിന്തുണ നേടാനായി എന്ന് തന്നെ കരുതും.
സാമുദായിക സമവാക്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇതുവരെ കണക്ക് കൂട്ടപ്പെട്ടിരുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ മേയറുടെ ജനപ്രീതിയുടെ മാത്രം ബലത്തിലാണ് ജാതി സമവാക്യങ്ങൾ മറികടന്ന് കൊണ്ടുളള സ്ഥാനാർത്ഥി നിർണയത്തിന് എൽഡിഎഫ് ധൈര്യപ്പെട്ടത്. ആ തീരുമാനം ശരിയായി എന്നാണ് വട്ടിയൂർക്കാവ് തെളിയിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.