കണ്ണൂര്‍|
JOYS JOY|
Last Modified ചൊവ്വ, 12 ജൂലൈ 2016 (12:02 IST)
കഴിഞ്ഞദിവസം രാത്രിയില്‍ കണ്ണൂരില്‍ നടന്നത് രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങള്‍, അതിനേക്കാള്‍ അരുംകൊലകള്‍ എന്നു പറയുന്നതാവും ശരി. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ വീട്ടുകാരുടെ കണ്‍മുമ്പില്‍ വെച്ചാണ് രണ്ടുപേരെയും വകവരുത്തിയത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സി പി എം - ബി എം എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ അനാഥമായത് രണ്ട് കുടുംബങ്ങള്‍. തിങ്കളാഴ്ച രാത്രി രാമന്തളി കുന്നരുവില്‍ കാരന്താട്ട് ചുള്ളേരി വീട്ടില്‍ സി പി എം പ്രവര്‍ത്തകന്‍ ധനരാജും അന്നൂരില്‍ ബി എം എസ് പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രനുമാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.
ധനരാജ് കൊല്ലപ്പെട്ടത് തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം വീട്ടില്‍ കയറിയാണ് അരുംകൊല
നടത്തിയത്. വീട്ടുകാരുടെ മുന്നില്‍ വെച്ച് 38കാരനായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ദേഹമാസകലം വെട്ടേറ്റ ധനരാജനെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മൂന്നു ബൈക്കുകളിലായി എത്തിയ ആറുപേര്‍, ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ പിന്തുടരുകയും വീട്ടിലെത്തിയ ഉടന്‍ വെട്ടി വീഴ്ത്തുകയുമായിരുന്നു. ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറിയും സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു. ധനരാജിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു.
അതേസമയം, അര്‍ദ്ധരാത്രിക്ക് ശേഷം ഒരുമണിയോടെ ആയിരുന്നു ബി എം എസ് പ്രവര്‍ത്തകന്‍ സികെ രാമചന്ദ്രന്‍ കൊല്ലപ്പെട്ടത്. ബി എം എസ് പയ്യന്നൂര്‍ മേഖല പ്രസിഡന്റ് കൂടിയായ രാമചന്ദ്രന്‍ ടൌണിലെ ഓട്ടോ ഡ്രൈവറാണ്. ഇയാളുടെ വീട്ടിലേക്ക് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ രാമചന്ദ്രനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴേക്കും മരിച്ചിരുന്നു. സി പി എം ആണ് സംഭവത്തിനു പിന്നിലെന്നാണ് ബി ജെ പിയുടെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുകയാണ്.