തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (12:06 IST)
ധനമന്ത്രി കെഎം മാണിക്കെതിരായ ബാർ കോഴക്കേസിൽ മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മാണി ഇന്നുതന്നെ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വിജിലന്‍സ് കോടതിക്കു പൂര്‍ണ ബോധ്യമുള്ളതിനാലാണ് ഉത്തരവ്. അതിനാല്‍ അദ്ദേഹത്തിനു അഭിമാനബോധമുണ്ടെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും വിഎസ് ആവശ്യപ്പെട്ടു.
അതേസമയം, ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധി തിരിച്ചടിയല്ലെന്നും ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും ധനമന്ത്രി കെഎം മാണി പറഞ്ഞു. കേസ് അന്വേഷണത്തിനു താന്‍ ഇതുവരെ എതിരു നിന്നിട്ടില്ല. ഐക്യമുന്നണി ഭരണകാലത്തും ഇടതുഭരണ കാലത്തും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇത്തരം കോടതി വിധികളുണ്ടായിട്ടുണ്ട്. അതിന് അതിന്‍റേതാണ് കീഴ്വഴക്കവുമുണ്ട്. കോടതി വിധിയുടെ വിശദാംശങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു.
ബാര്‍ കോഴ കേസില്‍ ഇനിയും വല്ലതും കണ്ടെത്താനുണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കോടതി വിധിയെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ല. ഇത്തരം കേസുകള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇത്തരം കേസുകളിലെ കീഴ്വഴക്കങ്ങള്‍ അനുസരിച്ച് താനും മുന്നോട്ടു പോകും. രാജിവയ്ക്കില്ലെന്നും അന്തിമവിധി വരുന്നതിനു മുന്‍പ് പൂര്‍ണമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും കെഎം മാണി കോടതി വിധി കേട്ടശേഷം പറഞ്ഞു.