തിരുവനന്തപുരം|
JOYS JOY|
Last Modified ബുധന്‍, 22 ജൂണ്‍ 2016 (14:57 IST)
സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചു. ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും അഞ്ജുവിനൊപ്പം രാജി വെച്ചു. അഞ്ജുവും ഭരണസമിതി അംഗങ്ങളും രാജിക്കത്തില്‍ ഒപ്പിട്ടു.
സ്പോര്‍ട്സ് മതത്തിനും പാര്‍ട്ടിക്കും അതീതമാണെന്നാണ് കരുതിയത്. പല ഫയലുകളിലും ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കായികകേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പോര്‍ട്സ് ലോട്ടറിയെന്നും അഞ്ജു ബോബി ജോര്‍ജ്. രാജിക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അഞ്ജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരണം. എത്തിക്സ് കമ്മീഷന്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് പ്രശ്നങ്ങള്‍ക്ക് കാരണമായി. തന്റെ മെയില്‍ ചോര്‍ത്തുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ പരാതി നല്കിയെന്നും അഞ്ജു വ്യക്തമാക്കി.
തന്റെ സഹോദരന്‍ അജിത് മര്‍ക്കോസ് പരിശീലകസ്ഥാനം രാജി വെക്കുകയാണെന്നും അഞ്ജു പറഞ്ഞു.
അഞ്ചു മെഡലുകള്‍ കിട്ടിയ കോച്ച് എന്ന നിലയിലാണ് അജിത്തിനെ നിയമിച്ചത്. അജിത്തിന്റെ സഹോദരി സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ആണ് എന്നത് മാത്രമായിരുന്നു അജിത്തിന്റെ അയോഗ്യതയെന്നും അഞ്ജു പറഞ്ഞു.
ദേശീയ സ്കൂള്‍ ഗെയിംസ് കേരളത്തില്‍ നടത്താനായത് നേട്ടമാണെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.