ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയില്ല; ലഫ്. ഗവര്‍ണര്‍ സ്വതന്ത്ര തീരുമാനം സ്വീകരിക്കേണ്ട, അധികാരം പരിമിതമെന്നും സുപ്രീംകോടതി

ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയില്ല; ലഫ്. ഗവര്‍ണര്‍ സ്വതന്ത്ര തീരുമാനം സ്വീകരിക്കേണ്ട, അധികാരം പരിമിതമെന്നും സുപ്രീംകോടതി

  supreme court , Aap , Arvind kejriwal , സുപ്രീംകോടതി , ലഫ് ഗവർണർ , ഡല്‍ഹി , സര്‍ക്കാര്‍
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 4 ജൂലൈ 2018 (14:26 IST)
ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള അധികാരത്തർക്കത്തിൽ തീർപ്പ് കൽപിച്ച് സുപ്രീംകോടതി. പൂർണ സംസ്ഥാനപദവി വേണമെന്ന ഹർജിയിൽ ഡല്‍ഹിക്ക് പൂർണ സംസ്ഥാനപദവി നൽകാനാകില്ലെന്നും എന്നാല്‍, ഭരണപരമായ തീരുമാനങ്ങൾ ഗവർണർ വൈകിക്കരുതെന്നും കോടതി വ്യക്തമാക്കി.

ഗവർണർക്ക് തുല്യമല്ല പദവിയെന്നും വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ജസ്റ്റിസുമാരായ എകെ സിക്രി,​ എഎം ഖാൻവിൽക്കർ,​ ഡിവൈ ചന്ദ്രചൂഡ്,​ അശോക് ഭൂഷൺ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായിട്ടാണ് വിധി പ്രസ്താവിച്ചത്. അതേസമയം, അഞ്ചംഗ ബെഞ്ചിൽ മൂന്നു ജഡ്ജിമാർ പ്രത്യേകം പ്രത്യേകമായാണ് വിധി പ്രസ്താവിച്ചത്‌.

ലഫ്റ്റനന്റ് ഗവർണർക്ക് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനാകില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിലെ മന്ത്രിസഭയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കേണ്ടത്. സർക്കാര്‍ തീരുമാനങ്ങൾ വൈകിപ്പിക്കാന്‍ പാടില്ല. എല്ലാത്തിനും ഗവർണറുടെ അനുമതി വേണ്ട. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കാൻ ഗവർണർക്കും ബാധ്യതയുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.

ജനാധിപത്യ സംവിധാനത്തിൽ അരാജകത്വം പാടില്ല. ഭൂമി, പൊലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളിൽ ലഫ് ഗവർണർക്ക് തീരുമാനം എടുക്കാം. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളണം. സംസ്ഥാന നിയമസഭകളുടെ അധികാരത്തിന് മേൽ കേന്ദ്രം കടന്നുകയറരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ലഫ് ഗവർണർക്കാണ് പൂർണ അധികാരമെന്ന ഹൈക്കോടതി വിധിയോട് യോജിച്ച സുപ്രീംകോടതി സർക്കാര്‍ തീരുമാനങ്ങള്‍ ഇക്കാരണത്താല്‍ വൈകുകയോ തടയാനോ പാടില്ലെന്നും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :