സി പി എമ്മില്‍ നിന്ന് വി എസ് അച്യുതാനന്ദന്‍ പുറത്തു പോകണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ദുര്‍ബലനാകുന്നതില്‍ ഏറ്റവുമധികം ദുഃഖിക്കുന്ന പ്രസ്ഥാനം യുവമോര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരളമാര്‍ച്ചില്‍ പങ്കെടുക്കില്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും കഴിഞ്ഞ ദിവസം സമാപന സമ്മേളനത്തില്‍ വി എസ് പങ്കെടുത്തിരുന്നു. വി എസിന്‍റെ കീഴടങ്ങലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ സംഭവത്തെ കാണുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് പടനയിക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനമെന്ന് വ്യക്തമാണെങ്കിലും മാര്‍ച്ചിന്‍റെ സമാപനത്തില്‍ എത്തുകയും പിണറായിയെ പിന്തുണച്ച് സംസാരിക്കേണ്ടി വരികയും ചെയ്തത് വി എസിന്‍റെ അണികളെ കടുത്ത നിരാശയിലാഴ്ത്തിയിട്ടുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ അഴിമതിക്ക് അതീതരാണെന്ന് പ്രഖ്യാപിച്ചതിനൊപ്പം ലാവ്‌ലിന്‍ കേസിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത്രയും നാള്‍ വി എസ് പിന്തുടര്‍ന്നു വന്ന നയത്തില്‍ നിന്നുള്ള ശക്തമായ വ്യതിയാനമാണ് ബുധനാഴ്ച ശംഖുമുഖത്ത് സമ്മേളനത്തില്‍ വച്ചുണ്ടായത്. പിണറായിക്കെതിരായ ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് താനും സ്വികരിക്കുകയാണെന്ന് പ്രത്യക്ഷമായല്ലെങ്കിലും, വി എസ് പ്രഖ്യാപിക്കുകയായിരുന്നു ഇന്നലെ.