തിരുവനന്തപുരം|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (16:42 IST)
തലസ്ഥാനത്ത് വന്‍ എ ടി എം കൊള്ള. എ ടി എമ്മുകളില്‍ ക്യാമറ ഘടിപ്പിച്ച് പിന്‍ നമ്പറുകള്‍ ചോര്‍ത്തിയെടുത്താണ്
കൊള്ള നടത്തിയിരിക്കുന്നത്. രണ്ടര ലക്ഷത്തോലം രൂപയാണ് പലര്‍ക്കായി നഷ്ടപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ 12 പേര്‍ പരാതി നല്‍കി.
കന്‍റോണ്‍മെന്‍റ്, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്പതോളം പേര്‍ക്ക് പണം നഷ്ടമായതായാണ് സൂചന. ഏറെ വ്യാപ്തിയുള്ള മോഷണമാണ് നടന്നിരിക്കുന്നതെന്നാണ് വിവരം.
ഏറെ നാളത്തെ തയ്യാറെടുപ്പിന് ശേഷമാണ് വ്യാപകമായ മോഷണം നടന്നിരിക്കുന്നത്. എ ടി എമ്മില്‍ ഒരു പ്രത്യേകതരം ഉപകരണം ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ ഉപകരണത്തിനുള്ളില്‍ ഏറ്റവും ആധുനികവും വലിയ ക്ലാരിറ്റിയോടെ സൂം ചെയ്ത് പകര്‍ത്താന്‍ കഴിവുള്ളതുമായ ക്യാമറയാണ് ഒളിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കള്‍ എ ടി എം മെഷീനില്‍ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് വ്യക്തതയോടെ ഫോട്ടോയെടുത്ത് സൂക്ഷിക്കുകയും ഉപകരണം സ്ഥാപിച്ചവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുകയാണ് ഈ ഉപകരണം ചെയ്തുകൊണ്ടിരുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വന്‍ തട്ടിപ്പുസംഘമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് സൂചന. മുംബൈയില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത് എന്നതാണ് ഈ സംശയത്തിന് ആധാരം. തിരുവനന്തപുരം നഗരത്തിലെ എല്ലാ എ ടി എമ്മുകളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങള്‍ വേറെയും എ ടി എമ്മുകളില്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
അക്കൌണ്ടുകളില്‍ നിന്ന് പണം നഷ്ടമായെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ ജി മനോജ് ഏബ്രഹാം പറഞ്ഞു.
അതേസമയം, വാഴക്കാലയില്‍ ഒരു എ ടി എമ്മില്‍ മോഷണം നടത്താന്‍ രണ്ട് യുവാക്കള്‍ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. എ ടി എമ്മിലെ സി സി ടി വി ക്യാമറകളില്‍ പെയിന്‍റ് സ്പ്രേ ചെയ്ത ശേഷമായിരുന്നു മോഷണശ്രമം. എന്നാല്‍ ഇവരുടെ കണ്ണില്‍ പെടാത്ത മറ്റൊരു ക്യാമറയില്‍ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞു. മോഷണശ്രമം പരാജയപ്പെട്ടതോടെ യുവാക്കള്‍ കടന്നുകളഞ്ഞു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.