അഭിറാം മനോഹർ|
Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (22:00 IST)
ഇൻസ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന് കാണിച്ച് ഫെയ്‌സ്ബുക്കിനെ നിർത്തിപ്പൊരിച്ച് യുഎസ് സെനറ്റ്. ഫെയ്‌സ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗോണ്‍ ഡേവിസ് ആണ് യുഎസ് സെനറ്റിന് മുന്നില്‍ ഹാജരായത്.
കുട്ടികളുടെ ആരോഗ്യത്തെ പ്രത്യേകിച്ചും പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ
പ്ലാറ്റ്‌ഫോം സാരമായി ബാധിക്കുന്നുവെന്ന ഇൻസ്റ്റഗ്രാമിന്റെ തന്നെ റിസർച്ച് റിപ്പോർട്ട് ചോർന്നതിന്റെ പശ്ചാത്തലത്തിലാണ് ആന്റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്.
വാള്‍സ്ട്രീറ്റ് ജേണലാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നത്.
കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും അവരുടെ ആത്മവിശ്വാസത്തിലും ഇന്‍സ്റ്റാഗ്രാം വിപരീതമായി ബാധിക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തൽ. കുട്ടികളുടെ ക്ഷേമത്തേക്കാള്‍ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയ്ക്കാണ് ഫെയ്‌സ്ബുക്ക് പ്രാധാന്യം നല്‍കുന്നതെന്നും ഇന്‍സ്റ്റാഗ്രാമിന്റെ ദോഷങ്ങള്‍ മറച്ചുവെക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ ശ്രമങ്ങൾ പുകയിലയുടെ ദോഷങ്ങള്‍ മറച്ചുവെക്കാനുള്ള സിഗരറ്റ് കമ്പനികളുടെ ശ്രമം പോലെയാണെന്നും സെനറ്റ് കുറ്റപ്പെടുത്തി.
അതേസമയം യുവാക്കളെ സഹായിക്കുകയാണ് ഇന്‍സ്റ്റാഗ്രാം ചെയ്തത് എന്ന് പറഞ്ഞ് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് ഫെയ്‌സ്ബുക്ക് ചെയ്‌തത്. ഫെയ്‌സ്‌ബുക്കിനെതിരെ ഞായറാഴ്‌ച്ച ഒരു വനിത കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത് വരുമെന്നും റിപ്പോർട്ടുകളുണ്ട്. ഗവേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദമായ വിവരങ്ങള്‍ ഇവരുടെ കൈവശമുണ്ടെന്നാണ് വിവരം.