വെറും രണ്ടുമിനുട്ട് മതി, ബാറ്ററി ഫുള്‍!!!

ബാറ്ററി, ചാര്‍ജിംഗ്, സ്മാര്‍ട്ട് ഫോണ്‍
ക്വാലാലമ്പൂര്‍| VISHNU.NL| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (15:11 IST)
സ്മാര്‍ട്ട് ഫോണുകളുടെയും ടാബ്ലറ്റുകളുടെയും ബാറ്ററി ചാര്‍ജ് ഒരു വലിയ പ്രശ്നമാണ്. അടുപ്പിച്ച് ഉപയോഗിക്കുകയാണെങ്കില്‍ ഒരുമണിക്കൂറിനുള്ളില്‍ തന്നെ ബാറ്ററി ചാര്‍ജ് തീരുന്ന അവസ്ഥയുണ്ടാകും. ഇനി ഇത് ചാര്‍ജ് ചെയ്യാനാണെങ്കിലോ വീണ്ടും ഒരുമണിക്കൂറോളം കാത്തിരിക്കുകയും വേണം.

ബാറ്ററിയുടെ ഈ ന്യൂനത പരിഹരിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിയുന്നില്ല. എന്നാല്‍ ഈ പ്രശ്നത്തിന് അങ്ങ് സിംഗപ്പൂരില്‍ നിന്ന് പരിഹാരം എത്തിയിരിക്കുന്നു. ഇവിടെ കുറേ ഗവേഷകര്‍ ചേര്‍ന്ന് രണ്ടുമിനിറ്റിനുള്ളില്‍ 70 ശതമാനത്തോളം ചാര്‍ജാകുന്നതും മറ്റ് ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ ഇരട്ടി ആയുസുള്ളതുമായ ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ്.

നന്‍യാന്‍ഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ സയന്റിസ്റ്റുകളാണ് ഈ നേട്ടം കൈവരിച്ചത്. പുതിയ കണ്ടുപിടിത്തം മിക്ക വ്യവസായമേഖലകളിലും പ്രത്യേകിച്ച് ഇലക്ട്രിക് കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ചടുലമായ മാറ്റങ്ങള്‍ക്ക് വഴിമരുന്നിടുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സാധാരണകാറുകളില്‍ പെട്രോള്‍ നിറയ്ക്കുന്ന സമയത്തിനുള്ളില്‍ ഇലക്ട്രിക് കാറുകളുടെ ബാറ്ററികള്‍ ഇതിലൂടെ ചാര്‍ജ് ചെയ്യാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇന്നത്തെ ബാറ്ററികളില്‍ നെഗറ്റീവ് പോളിന് അഥവാ ആനോഡിനായി പരമ്പരാഗത ഗ്രാഫൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ നന്‍യാന്‍ഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത ബാറ്ററികളില്‍ ഇതിന് പകരമായി ടൈറ്റാനിയം ഓക്‌സൈഡില്‍ നിന്ന് നിര്‍മ്മിച്ച് ഒരു പുതിയ ജെല്‍ മെറ്റീരിയലാണ്. മനുഷ്യന്റെ രോമത്തിന്റെ വ്യാസത്തേക്കാള്‍ ആയിരത്തില്‍ ഒരംശം മാത്രം വ്യാസമുള്ള നാനോട്യൂബുകളാക്കി ഇവയേ പരിവര്‍ത്തനം ചെയ്യുകയാണ് ഗവേഷകര്‍ ചെയ്തത്.

ബാറ്ററിയിലെ കെമിക്കല്‍ റിയാക്ഷനുകളെ ത്വരിതപ്പെടുത്തി ചാര്‍ജിംഗിന്റെ വേഗം വര്‍ധിപ്പിക്കുന്നതിന് ഈ സങ്കേതം സഹായിക്കും. ഇന്ന് മൊബൈല്‍ ഫോണുകള്‍, ടാബ്ലറ്റ്, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററികള്‍ 500 റീചാര്‍ജ് സൈക്കിളുകള്‍ മാത്രമെ നിലനില്‍ക്കുകയുള്ളൂ. ഈ പ്രശ്നത്തിനും പുതിയ ബാറ്ററി പരിഹാരമാകും.
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :