ഐപിഎല്‍: യുവരാജ് യഥാര്‍ത്ഥ രാജാവായി; ഹൈദരാബാദിന് മുന്നില്‍ നിഷ്പ്രഭമായി ബാംഗ്ലൂര്‍

ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിന് ജയം

ഹൈദരാബാദ്| സജിത്ത്| Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (10:07 IST)
ഐ പി എല്‍ പത്താം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയത്തുടക്കം. 27 പന്തിൽ 62 റൺസ് അടിച്ചെടുത്ത യുവിയുടെ വെടിക്കെട്ട് ബാറ്റിങിലാണ്
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 35 റൺസിന്റെ ജയം സ്വന്തമാക്കിയത്. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാലിന് 207. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 172ന് എല്ലാവരും പുറത്ത്.

ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഷെയ്ൻ വാട്സണ് ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. രണ്ടാം ഓവറിൽ തന്നെ ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ 14 റൺസുമായി മടങ്ങി. തുടര്‍ന്ന് ശിഖർ ധവാനും (40) മോയ്സസ് ഹെൻറിക്വെസും (52) ഹൈദരാബാദ് ഇന്നിങ്സിന് മികച്ച അടിത്തറയിട്ടു. ടീമിനെ പത്ത് ഓവറിൽ നൂറ് റണ്‍സിനടുത്തെത്തിച്ചതിന് ശേഷമാണ് ധവാൻ മടങ്ങിയത്. 31 പന്തില്‍ അഞ്ചു ഫോര്‍ അടക്കമായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്.

ക്രീസിലെത്തിയ ഉടനെ അടിച്ചു തകര്‍ത്ത യുവരാജ് സിങ് റണ്‍റേറ്റ് ഉയര്‍ത്തി. 16ാം ഓവറില്‍ ഹെന്റിക്വെസ് മടങ്ങിയതിനു ശേഷം ദീപക് ഹൂഡയായിരുന്നു (16) യുവിക്കു കൂട്ട്. 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു യുവിയുടെ ഇന്നിംഗ്‌സ്. യുവി പോയതിനു ശേഷം ബെന്‍ കട്ടിങിന്റെ വെടിക്കെട്ടില്‍ (ആറു പന്തില്‍ 16) ഹൈദരാബാദ് ഇരട്ടശതകം പിന്നിടുകയും ചെയ്തു.

മറുപടി ബാറ്റിങില്‍ ബാംഗ്ലൂരിന്റെ തുടക്കം മികച്ചതായിരുന്നു. ക്രിസ് ഗെയ്‌ലും (32) മന്‍ദീപ് സിങും (24) അടിച്ചു കളിച്ചപ്പോള്‍ ആറോവറില്‍ അവര്‍ 50 കടന്നു. എന്നാല്‍ ഐപിഎലില്‍ കളിച്ച ആദ്യ അഫ്ഗാന്‍ താരമായ റാഷിദ് ഖാന്‍ എറിഞ്ഞ നാലാം പന്തില്‍ തന്നെ മന്‍ദീപ് മടങ്ങിയതോടെ ബാംഗ്ലൂരിന്റെ തകര്‍ച്ചയ്ക്കു ആരംഭമായി. റാഷിദിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :