അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും വോട്ടെണ്ണല്‍

കാബുള്‍| WEBDUNIA| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2009 (15:41 IST)
അഫ്‌ഗാനിസ്ഥാനില്‍ കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പത്തു ശതമാനം പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകള്‍ വീണ്ടും എണ്ണാന്‍ തെരഞ്ഞെടുപ്പു സമിതി ഉത്തരവിട്ടു.

വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്ന് അരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തെളിവുകള്‍ ലഭ്യമായ പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെണ്ണുമെന്ന് യുഎന്‍ പിന്തുണയുള്ള തെരഞ്ഞെടുപ്പ് സമിതി അറിയിച്ചിരുന്നു. 2,500 ലധികം പോളിംഗ് സ്‌റ്റേഷനുകളില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി സമിതി ചെയര്‍മാന്‍ ഗ്രാന്‍റ് കിപ്പന്‍ പറഞ്ഞു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പും പ്രവിശ്യാ തെരഞ്ഞെടുപ്പും നടത്തുന്നതിനായി 25,000ത്തിലധികം പോളിംഗ് സ്‌റ്റേഷനുകളാണ് രാജ്യത്ത് തുറന്നിരുന്നത്. വോട്ടിംഗില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്ന ആരോപണം അഫ്ഗാന്‍റെ പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കുന്നത് വൈകാന്‍ കാരണമായിരുന്നു.

തെരഞ്ഞെടുപ്പില്‍ 100 ശതമാനം വോട്ട് രേഖപ്പെടുത്തിയ പോളിംഗ് സ്‌റ്റേഷനുകളും, 95 ശതമാനത്തിന് മുകളില്‍ ഏതെങ്കിലും പ്രസിഡന്‍റ് വോട്ടു നേടിയിട്ടുണ്ടെങ്കില്‍ ആ പോളിംഗ് സ്‌റ്റേഷനുകളും കണ്ടെത്താന്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയണമെന്ന് സെപ്‌റ്റംബര്‍ എട്ടിന് തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികള്‍ കേള്‍ക്കുന്ന കമ്മീഷന്‍ പറഞ്ഞു.

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 600 പോളിംഗ് സ്‌റ്റേഷനുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മേല്പറഞ്ഞ 2500 പോളിംഗ് സ്‌റ്റേഷനുകളില്‍ ഉള്‍പ്പെട്ടതാണോ ഇത് എന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പിന്‍റെ ആരംഭം മുതല്‍ തന്നെ വോട്ടെടുപ്പിനെതിരെ അനവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഹമീദ് കര്‍സായി അമ്പത് ശതമാനത്തോളവും പ്രധാന എതിരാളി അബ്ദുള്ള അബ്ദുള്ള 28.1 ശതമാനവും വോട്ട് നേടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു,

എന്നാല്‍, തെരഞ്ഞെടുപ്പ് പക്ഷപാതപരമാണെന്ന് തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ മുഖ്യ എതിരാളിയായിരുന്ന അബ്‌ദുള്ള അബ്‌ദുള്ള ആരോപിച്ചു. ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അഫ്‌ഗാനിലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഹമീദ് കര്‍സായിക്ക് അനുകൂല നിലപാടെടുക്കുകയാണെന്ന് അബ്‌ദുള്ള ആരോപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :