തുര്‍ക്കി പിന്നില്‍ നിന്ന് കുത്തിയെന്ന് റഷ്യ, കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പുടിന്‍

അങ്കാറ| VISHNU N L| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (19:39 IST)
റഷ്യൻ യുദ്ധവിമാനം സിറിയൻ അതിർത്തിയിൽ തുർക്കി വെടിവച്ചു വീഴ്ത്തിയ നടപടിക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ രംഗത്ത്. തുർക്കി പിന്നില്‍ നിന്ന് കുത്തിയെന്നും ഇതിന് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

റഷ്യൻ വിമാനം തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ല.
തങ്ങളുടെ സൈനികർ ഹീറോകളെ പോലെയാണ് ഭീകരവാദത്തിനെതിരെ പ്രവർത്തിക്കുന്നത്. എന്നാൽ ഇന്നുണ്ടായ സംഭവം ഇത്തരം പ്രവർത്തനങ്ങൾക്കേറ്റ തിരിച്ചടിയാണ്. സൈനികർ ഭീകരവാദികൾക്കെതിരെ പോരാടുകയാണ്. അവർ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും പുടിൻ വ്യക്തമാക്കി.

അതേസമയം വിമാനം വെടിവച്ചിട്ട നടപടിയെ ന്യായീകരിച്ചുകൊണ്ട് തുർക്കി പ്രധാനമന്ത്രി തന്നെ രംഗത്തെത്തി.
റഷ്യൻ വിമാനം വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് വെടിവച്ചിട്ടതെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം അറിയിച്ചു.

റഷ്യയുടെ സു–24 യുദ്ധവിമാനമാണ് സിറിയൻ അതിർത്തിയിൽ തുർക്കി സൈന്യം വെടിവച്ചിട്ടത്. വ്യോമാതിർത്തി ലംഘിക്കുന്നതായി പൈലറ്റുമാർക്ക് മുന്നറിയിപ്പു നൽകിയിരുന്നുവെന്ന് തുർക്കി സൈനികവൃത്തങ്ങൾ പറഞ്ഞു. ലാട്ടാകിയ പ്രവിശ്യയിലാണ് വിമാനം തകർന്നുവീണത്.

തകര്‍ന്ന വിമാനത്തിലെ ഒരു പൈലറ്റ് മരിച്ചതായി സിറിയന്‍ വിമതര്‍ അറിയിച്ചു. ഒരാളെക്കുറിച്ച് വിവരങ്ങളില്ല. ഇയാള്‍ ചിലപ്പോള്‍ വിമര്‍തരുടെ പിടിയിലായേക്കാമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :