ആഭ്യന്തരയുദ്ധം; പലായനം ചെയ്‌തവരുടെ എണ്ണം 600 ലക്ഷം- യുഎന്‍

ആഭ്യന്തരയുദ്ധം , പലായനം , സിറിയ ,യുഎന്‍ ,  യൂറോപ്പ്
ജനീവ| jibin| Last Modified ശനി, 19 ഡിസം‌ബര്‍ 2015 (09:03 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ രാജ്യങ്ങളില്‍ നിന്ന് ഈ വര്‍ഷം 600 ലക്ഷം പേര്‍ പലായനം ചെയ്‌തതായി യുഎന്‍ വ്യക്തമാക്കി. സിറിയ, ഇറാക്ക്, യമന്‍, ഉക്രൈന്‍, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ രക്ഷപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗം പേരും എത്തിച്ചേര്‍ന്നിരിക്കുന്നത് യൂറോപ്പിലാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അഭയാര്‍ഥി പ്രശ്‌നമാണിതെന്ന് യുഎന്‍സിഎച്ച്ആര്‍ വ്യക്തമാക്കുന്നുണ്ട്.

ആഭ്യന്തരയുദ്ധം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള പലായനത്തില്‍ മരിച്ചവരുടെ എണ്ണം ഇതുവരെ തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ലോകവ്യാപകമായി കഴിഞ്ഞവര്‍ഷം 595 ലക്ഷം ജനങ്ങളാണ് കുടിയൊഴിക്കപ്പെട്ടു. ദിവസേന 4600 പേര്‍ അഭയാര്‍ഥികളായി തീരുന്നുണ്ടെന്നും യുഎന്നിന്റെ കണക്ക് വ്യക്തമാക്കുന്നു. എട്ടുലക്ഷത്തിലേറെ പേര്‍ വീടും സ്വന്തം വസ്‌തുക്കളും ഉപേക്ഷിച്ച് യൂറോപ്പില്‍ അഭയം പ്രാപിച്ചു കഴിഞ്ഞു. 50 ലക്ഷത്തോളം പുതിയ അഭയാര്‍ഥികള്‍ സൃഷ്‌ടിക്കപ്പെട്ടു കഴിഞ്ഞു. ജൂണ്‍ അവസാനമാകുമ്പോഴേക്കും ലോകവ്യാപകമായി അഭയാര്‍ഥികളുടെ എണ്ണം
202 ലക്ഷം കടന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

ഈ വര്‍ഷം 42 ലക്ഷം പേരാണ് യൂറോപ്പിലത്തെിയത്. യമനില്‍നിന്ന് 9,33,500ഉം യുക്രെയ്നില്‍നിന്ന് 5,59,000വും കോംഗോയില്‍നിന്ന് 5,58,000പേരുമാണ് ഈ വര്‍ഷം കുടിയിറക്കപ്പെട്ടത്. അതേസമയം, ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭാ രൂപം നല്‍കി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ അധ്യക്ഷതയില്‍ മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചക്ക് ശേഷമാണ് പ്രമേയത്തിന് അംഗീകാരം നൽകിയത്. വിഷയത്തിൽ റഷ്യയും ചൈനയും ആദ്യം എതിർപ്പ് ഉയര്‍ത്തിയെങ്കിലും പിന്നീട് കൂട്ടായ തീരുമാനത്തിന് വഴങ്ങുകയായിരുന്നു.

സിറിയന്‍ സര്‍ക്കാരും വിമതരുമായുള്ള ചര്‍ച്ചയടക്കം പ്രശ്‌നപരിഹാരത്തിന് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചത്. അസദ് സർക്കാരും വിമതരും തമ്മിൽ ജനുവരി ആദ്യവാരം ചർച്ച നടത്തണം, ഇരുവിഭാഗങ്ങളും വെടിനിർത്തിൽ പ്രഖ്യാപിക്കണം,

ബാരൽ ബോംബ് അടക്കമുള്ള നശീകരണ ആയുധങ്ങൾ സിവിലിയൻമാർക്ക് നേരെ പ്രയോഗിക്കരുത്, സന്നദ്ധ, സഹായ വാഹനങ്ങൾക്ക് രാജ്യത്ത് നിരുപാധിക പ്രവേശം ഉറപ്പാക്കണം. മെഡിക്കൽ, വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം, മെഡിക്കൽ സംഘങ്ങൾ മനുഷ്യത്വപരമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണം, തടങ്കലിൽ കഴിയുന്ന മുഴുവൻ പേരെയും മോചിപ്പിക്കണം എന്നിവയാണ് ഉടൻ നടപ്പാക്കാനായി യുഎൻ മുന്നോട്ടുവെക്കുന്ന മറ്റ് നിർദേശങ്ങൾ.

അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരും. ആറ് മാസത്തിനകം രാജ്യത്ത് നിഷ്പക്ഷമായ സര്‍ക്കാര്‍ സംവിധാനം ഉറപ്പ് വരുത്തും. 18 മാസത്തിനുള്ളില്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ പൊതുതെരഞ്ഞെടുപ്പ് നടത്താനും യോഗത്തില്‍ ധാരണയായി.

ഒന്നര വർഷത്തിന് ശേഷം സിറിയയിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജോണ്‍ കെറി വ്യക്തമാക്കി. സിറയയിൽ ആഭ്യന്തര യുദ്ധം ആരംഭിച്ച് അഞ്ച് വർഷത്തിന് ശേഷം ആദ്യമായാണ് യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :