ജോഹന്നാസ്ബര്‍ഗ്|
സജിത്ത്|
Last Modified ബുധന്‍, 6 ജൂലൈ 2016 (14:19 IST)
കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറു വര്‍ഷം തടവ് വിധിച്ചു. പ്രിട്ടോറിയ ഹൈക്കോടതി ജഡ്ജി തോകോസിലെ മസിപയാണ് ശിക്ഷ വിധിച്ചത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കേസില്‍ ശിക്ഷാവിധി വന്നത്. പിസ്റ്റോറിയസിന്റെ വികലാംഗത്വം കോടതി പരിഗണിച്ചതുകൊണ്ടാണ് ശിക്ഷാവിധി ആറുവര്‍ഷമായി ചുരുക്കിയത്. നേരത്തെ ഈ കേസില്‍ പിസ്റ്റോറിയസിന് അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. അപ്പീലിനെ തുടര്‍ന്നാണ് പുതിയ ശിക്ഷാ വിധി വന്നിരിക്കുന്നത്.
ഈ കേസില്‍ 29 കാരനായ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറില്‍ അപ്പീല്‍ക്കോടതി കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്ത പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാല്‍ പിസ്റ്റോറിയസ് മനപ്പൂര്‍വ്വം കൊലനടത്തിയതാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
2013 ലെ വാലന്റൈന്‍സ് ദിനത്തിന്റെ പുലര്‍ച്ചെയാണ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപിനെ പിസ്റ്റോറിയസ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മോഷ്ടാവാണെന്ന് കരുതിയാണ് താന്‍ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസിന്റെ വാദം. എന്നാല്‍ ഇതിനെതിരെ വിവിധ വനിതാ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ അപ്പീലിന് പോയത്.
ഇരുകാലുകളും മുട്ടിന് താഴെ നഷ്ടമായ പിസ്റ്റോറിയസ് കൃത്രിമക്കാലുകളുടെ സഹായത്താലാണ് പാരലിമ്പിക്‌സില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുള്ളത്. കാര്‍ബണ്‍ ബ്ലേഡുകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് പിസ്റ്റോറിയസ് ഇപ്പോള്‍ ഉപയോഗിക്കുന്ന കൃത്രിമക്കാലുകള്‍.