രേണുക വേണു|
Last Modified വെള്ളി, 21 ഫെബ്രുവരി 2025 (07:17 IST)
ഇസ്രയേലില്‍ ബസുകളില്‍ സ്‌ഫോടന പരമ്പര. ടെല്‍ അവീവിന്റെ പ്രാന്ത പ്രദേശമായ ബാത് യാമിലും ഹോളോണിലും നിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളില്‍ വ്യാഴാഴ്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ പൊലീസ് പറഞ്ഞു. സ്‌ഫോടനത്തില്‍ ആളപായമില്ല.
ബാത് യാമിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ബസിലെ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് നിര്‍വീര്യമാക്കി. അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ പരിശോധനകള്‍ നടത്തണമെന്നും എല്ലാ പൊതുഗതാഗത വാഹനങ്ങള്‍ക്കും ഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കി.
സ്‌ഫോടനത്തിനു പിന്നില്‍ പലസ്തീന്‍ ആണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ സൈന്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. ബസുകളില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 7ലെ ആക്രമണത്തില്‍ ബന്ദികളാക്കിയവരില്‍ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങള്‍ ഹമാസ് ഇസ്രയേലിനു കൈമാറിയതിനു പിന്നാലെയാണ് സ്‌ഫോടനങ്ങള്‍.