പത്‌മരാജന്‍റെ ‘ഇന്നലെ’ ഹോളിവുഡില്‍!

WEBDUNIA|
PRO
പത്‌മരാജന്‍ സംവിധാനം ചെയ്ത ‘ഇന്നലെ’ 1989ലാണ് റിലീസായത്. വാസന്തിയുടെ ‘പുനര്‍ജന്‍‌മം’ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു അത്. സിനിമ കലാപരമായും വാണിജ്യപരമായും വിജയിച്ചു. സുരേഷ്ഗോപി, ജയറാം, ശോഭന, ശ്രീവിദ്യ തുടങ്ങിയവരുടെ മികച്ച അഭിനയപ്രകടനങ്ങളാല്‍ സമ്പന്നമായിരുന്നു ഇന്നലെ.

ഡോ. നരേന്ദ്രന്‍റെ(സുരേഷ്ഗോപി) ഭാര്യ ഗൌരി(ശോഭന) ഒരു വാഹനാപകടത്തെ തുടര്‍ന്ന് കാണാതാകുന്നു. അവള്‍ ശരത്തിന്‍റെ(ജയറാം) ഉടമസ്ഥതയിലുള്ള ആശുപത്രിയിലാണ് എത്തപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് അവളുടെ ഓര്‍മ്മശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ശരത്തിന്‍റെയും അമ്മ ഡോ. സന്ധ്യ(ശ്രീവിദ്യ)യുടെയുമൊപ്പം അവള്‍ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്. ‘മായ’ എന്ന പേര് ശരത് അവള്‍ക്ക് നല്‍കി. ശരത്തും മായയും പ്രണയത്തിലായി. അങ്ങനെയിരിക്കെ ഡോ.നരേന്ദ്രന്‍ തന്‍റെ ഭാര്യയെ തേടി ശരത്തിനെ സമീപിക്കുന്നു.

മനോഹരമായ ഈ സിനിമ മലയാളി പ്രേക്ഷകരെ വശീകരിച്ചു. സുരേഷ്ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഡോ.നരേന്ദ്രന്‍.

പുതിയ വാര്‍ത്ത ‘ഇന്നലെ’യ്ക്ക് സമാനമായ കഥയുമായി ഹോളിവുഡില്‍ ഒരു സിനിമ റിലീസായിരിക്കുന്നു. ‘ദ് വൌ’ എന്നാണ് ചിത്രത്തിന് പേര്. ഒരു അപകടത്തെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട ഭാര്യയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ഭര്‍ത്താവിന്‍റെ ശ്രമമാണ് ദ് വൌ. പക്ഷേ അവള്‍ക്ക് ഒരിക്കലും അയാളെ ഓര്‍ക്കാന്‍ കഴിയുന്നില്ല. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്നത്.

മൈക്കല്‍ സൂസി സംവിധാനം ചെയ്ത ചിത്രത്തില്‍ ചാനിങ് ടാറ്റം, റേച്ചല്‍ മക് ആഡംസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ച റിലീസായ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :