കൊച്ചി, ഇത് മലയാളികളുടെ പ്രീയപ്പെട്ട മാറക്കാന

കൊച്ചിയിലെ ആറാംതമ്പുരാൻ!

aparna shaji| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (12:21 IST)
കൊച്ചിയുടെ സന്ധ്യയ്ക്ക് നിറം പകർന്നത് മഞ്ഞകുപ്പായങ്ങൾ. ബ്രസീസിലിലെ മറക്കാന വേദി ഓർക്കുന്നുണ്ടോ? മാറക്കാനയിൽ ചെല്ലാൻ കഴിഞ്ഞില്ലെന്ന നിരാശ വേണ്ട. ഇങ്ങ് കൊച്ചിയിലും ഉണ്ട് ഒരു മാറക്കാന. ഐ എസ് എല്‍ സെമിയുടെ ഒന്നാം പാദത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമിന് ആവേശമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഗാലറിയിൽ നിറഞ്ഞ് കവിഞ്ഞു. ഇഷ്ട ടീം പന്തു തട്ടുന്നത് കാണാൻ ചങ്കുപറിച്ച് നൽകുന്ന ആരാധകരുടെ പ്രവാഹത്തിന് ഉച്ചയോടെ തുടക്കമായി. ജായറാഴ്ചയെ നിറപ്പകിട്ടാക്കാൻ മഞ്ഞപ്പടയാളികൾക്ക് കഴിഞ്ഞു.

അറുപതിനായിരത്തിലേറെ ആരാധകരുടെ പ്രവാഹം അക്ഷരാര്‍ഥത്തില്‍ കലൂര്‍ രാജ്യാന്തര സ്റേഡിയത്തെ മഞ്ഞക്കടലാക്കി. മഞ്ഞ ജേഴ്സിയിൽ ആരാധകർ നിറഞ്ഞ് കവിഞ്ഞു. റിയോ ഡി ഷാനെറോയിലെ മാറക്കാനയെ അനുസ്മരിപ്പിക്കുംവിധം ഗാലറി മഞ്ഞയില്‍ കുളിച്ചു. ഇതു മലയാളികളുടെ പ്രിയപ്പെട്ട മാറക്കാന; കേരള ബ്ളാസ്റേഴ്സിന്റെ മാറക്കാന.

കൊട്ടും കുരവയും ബാന്‍റുമായി മേളം കൊഴുത്തു. സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലും മഞ്ഞപുതച്ചു നിന്നു. ആവേശമായി, അലയടികളായി ആരാധകർ ടീമിനെ വരവേറ്റു. ടീം എത്തിയപ്പോൾ ആരാധകർ അന്വേഷിച്ചത് മറ്റൊരാളെ ആയിരുന്നു. ഒരിക്കൽ ചെറുപ്പക്കാരെ ക്രിക്കറ്റ് കളി കാണാൻ പ്രേരിപ്പിച്ച അവരുടെ ക്രിക്കറ്റ് ദൈവം - സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. സചിന്‍... സചിന്‍... എന്ന അലയൊലി മുഴങ്ങി. വളരെ വേഗം ഗാലറിയില്‍ കാണികള്‍ നിറഞ്ഞു. ആട്ടവും പാട്ടും മേളവുമായി അക്ഷരാര്‍ഥത്തില്‍ ഗാലറി ആരാധകര്‍ പൂരപ്പറമ്പാക്കുകയായിരുന്നു.

ബെല്‍ഫോര്‍ട്ട് ആദ്യ ഗോള്‍ നേടിയപ്പോള്‍ ഗാലറിയില്‍ സ്ഫോടനമായിരുന്നു. കൊട്ടും കുരവയും വെടിക്കെട്ടും കാണികളുടെ അലയടികളിൽ മുങ്ങിപ്പോയി. രണ്ടാം പകുതിയില്‍ കുടത്തിലൊളിച്ചിരുന്ന ഭൂതം പുറത്തേക്ക്, ഗോളിന്റെ രൂപത്തില്‍. കളിക്കളത്തിൽ മിന്നുംതാരമായ കെർവൻസ് ബെൽഫോർട്ട് 65ആം മിനിറ്റിലാണു
വിജയഗോൾ നേടിയത്. മഞ്ഞക്കടലില്‍ തിരമാലകള്‍ ഇരമ്പിയാര്‍ത്തു. ബ്ളാസ്റേഴ്സ് കളംനിറഞ്ഞപ്പോള്‍ ഈ ടീം ഇത്തവണയും തങ്ങള്‍ക്കു ലഹരിയാകുമെന്ന വിശ്വാസമായിരുന്നു ഓരോരുത്തര്‍ക്കും.

ആദ്യപകുതിയുടെ
അന്ത്യനിമിഷങ്ങളിൽ ഈ ഹെയ്റ്റി താരം
എതിരാളികളുടെ
വല കുലുക്കിയെങ്കിലും ലൈൻസ്മാൻ ഗോൾ നിഷേധിച്ചിരുന്നു.
ബെൽഫോർട്ടിന്റെ മൂന്നാമത്തെ ഐ എസ് എൽ ഗോളാണു കേരളത്തിനു വിജയം സമ്മാനിച്ചത്. സ്വന്തം മണ്ണിൽ വിജയക്കൊടി പാറിച്ചത് ഇത് ആറാം തവണയാണ്. ചുരുക്കി പറഞ്ഞാൽ ആറാംതമ്പുരാൻ. കൊച്ചിയുടെ മണ്ണിൽ കളിച്ച എതിർ ടീമുകളോട് മത്സരിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കലും തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല, അതിനു കാരണം അവരുടെ ശക്തിയായ ആരാധകരാണ്.

തുടർച്ചയായ ആറാമത്തെ ഈ ഹോംമാച്ച്
വിജയം പക്ഷേ, ഫൈനൽ ഉറപ്പാക്കുന്നില്ല. 14നു ഡൽഹിയെ അവരുടെ തട്ടകത്തിൽ തോൽപിക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ 18നു കൊച്ചിയിൽ ഫൈനൽ കളിക്കാം. എങ്കിലും പ്രതീക്ഷയർപ്പിക്കാം ഈ ടീമിൽ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :