പാരീസ്|
സജിത്ത്|
Last Modified ഞായര്‍, 3 ജൂലൈ 2016 (10:21 IST)
യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറ്റലിയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ജര്‍മ്മനി സെമിയില്‍ കടന്നു. കളിയുടെ നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. തുടര്‍ന്നുള്ള എക്‌സ്ട്രാടൈമിലും ഗോളുകളൊന്നും പിറന്നില്ല. തുടര്‍ന്ന് ഒമ്പത് കിക്കുകള്‍ നീണ്ട ഷൂട്ടൗട്ടില്‍ ഇറ്റലിയെ 6-5ന് മറികടന്നാണ് ജര്‍മന്‍ പട വിജയം നേടിയത്.
ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അറുപത്തിയഞ്ചാം മിനിറ്റിലാണ് ആദ്യഗോള്‍ വീഴുന്നത്. അത് ഇറ്റലിക്കെതിരെ ഓസിലിന്റെ വകയായിരുന്നു. തുടര്‍ന്ന് തിരിച്ചടിക്കാനുളള ശ്രമങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് എഴുപത്തിയെട്ടാം മിനിറ്റില്‍ ലഭിച്ച അനൂകൂല പെനാല്‍റ്റി ബനൂച്ചി ഗോളാക്കി മാറ്റിയാണ് ഇറ്റലിക്ക് സമനില നേടിക്കൊടുത്തത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി തുല്യത പാലിക്കുകയായിരുന്നു. ജര്‍മനിക്ക് വേണ്ടി ജൊനാസ് ഹെക്ടറാണ് നിര്‍ണായക കിക്ക് വലയിലെത്തിച്ചത്. നേരത്തെ ആദ്യ ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോളണ്ടിനെ വീഴ്ത്തി പോര്‍ച്ചുഗലും രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ച് വെയ്ല്‍സും സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു.