മെസ്സിയെ ഉൾപ്പെടുത്തി തന്നെ ഞങ്ങൾ അടുത്ത സീസൺ പ്ലാൻ ചെയ്യുന്നു, താരം ക്ലബ്ബിൽ തുടരുമെന്ന പ്രതീക്ഷയിൽ ബാഴ്സ

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 27 ഓഗസ്റ്റ് 2020 (11:28 IST)
ക്ലബ്ബ് വിടാൻ കത്ത് നൽകിയതിന് പിന്നിലെ മെസിയെ ഉൾപ്പെടുത്തി തന്നെ തങ്ങൾ അടുത്ത സീസണിലേക്കുള്ള തന്ത്രങ്ങൾ മെനയുകയാണ് എന്ന് വെളിപ്പെടുത്തി ബാഴ്സലോണ. ക്ലബ്ബ് വിടാനുള്ള തീരുമാനത്തിൽനിന്നും മെസ്സിയെ പിന്തിരിപ്പിയ്ക്കാനാകും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ട് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ റാമോണ്‍ പ്ലേന്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവിക്കുന്നതെല്ലാം സംഭവിക്കട്ടെ പക്ഷേ ലോകത്തെ ഏറ്റവും വിലയേറിയ താരത്തെ ചുറ്റിപ്പറ്റി തന്നെ ടീമിനെ ഒരുക്കുന്ന തിരക്കിലാണ് ഞങ്ങൾ ഇപ്പോഴും. ലോകത്തെ ഏറ്റവും മികച്ച താരത്തിനൊപ്പം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിലയിലുള്ള വിജയങ്ങളുടെ മറ്റൊരു സീസണാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ബാഴ്‌സിലോണയും മെസ്സിയും വിവാഹിതരെപ്പോലെയാണ്. ക്ലബ്ബും കളിക്കാരനും ചേർന്ന് ആരാധകര്‍ക്ക് വലിയ സന്തോഷങ്ങൾ നൽകി.

മെസ്സിയെ പോലെ പരിചയ സമ്പന്നനായ താരത്തെ ഭാവിയിലെ ടീമിനെ വാർത്തെടുക്കാൻ ഞങ്ങള്‍ക്ക് ഇനിയും വേണം. ബാഴ്‌സലോണയും മെസ്സിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് കരുതുന്നത് ഭാവി കാര്യങ്ങളെ പോസിറ്റീവായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ പ്ലേന്‍സ് പറഞ്ഞു. എന്നാൽ ക്ലബ്ബ് വിടാനുള്ള ഉറച്ച തീരുമാനത്തിലാണ് മെസ്സി എന്നാണ് റിപ്പോർട്ടുകൾ. മെസ്സി സ്‌പെയിന്‍ വിടുമെന്നും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേയ്ക്ക് ചേക്കേറും എന്നുമാണ് അഭ്യൂഹങ്ങൾ പ്രചരിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :