അഭിറാം മനോഹർ|
Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (14:23 IST)
ഫ്രാൻസ് ഫുട്ബോൾ ടീം
ക്യാപ്റ്റൻ സ്ഥാനം യുവതാരം കിലിയൻ എംബാപ്പെയ്ക്ക് നൽകിയതിൽ ഫ്രാൻസ് ടീമിലെ മുതിർന്ന താരങ്ങൾക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. തീരുമാനത്തിന് പിന്നാലെ ടീമിലെ സീനിയർ താരമായ ആൻ്റോയിൻ ഗ്രീസ്മാൻ അതൃപ്തി പരസ്യമാക്കിയെന്നും വിരമിക്കാനൊരുങ്ങുകയാണെന്നും ഗോൾ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഗോൾകീപ്പർ കൂടിയായ നായകൻ ഹ്യൂഗോ ലോറിസ് സ്ഥാനമൊഴിഞ്ഞതോടെയാണ് 24കാരനായ കിലിയൻ എംബാപ്പെയ്ക്ക് നറുക്ക് വീണത്. എന്നാൽ ടീമിലെ മുതിർന്ന താരമായ 32കാരന്ന് ആൻ്റോയിൻ ഗ്രീസ്മാൻ സീനിയോരിറ്റി പരിഗണിച്ച് തന്നെ നായകനാക്കുമെന്നാണ് കരുതിയിരുന്നത്. ഫ്രാൻസിനായി 117 മത്സരങ്ങളിൽ നിന്നും 42 ഗോളുകൾ നേടിയ താരമാണ് ഗ്രീസ്മാൻ. താരത്തിന് ഉപനായകൻ്റെ സ്ഥാനമാണ് ദിദിയർ ദെഷാംപ്സ് നൽകിയത്.
ഒരു ദശാബ്ദത്തിലേറെ ഫ്രാൻസിനെ നയിച്ചാണ് ഹ്യൂഗോ ലോറിസ് നായകസ്ഥാനത്ത് നിന്നും ഒഴിഞ്ഞത്.2012ൽ നായകസ്ഥാനം ഏറ്റെടുത്ത ലോറിസ് 2018ൽ കിരീടം നേടിയ ഫ്രഞ്ച് ടീമിൻ്റെ നായകനായിരുന്നു. ഫ്രാൻസിനായി 145 മത്സരങ്ങൾ കളിച്ച ലോറിസ് 121 മത്സരങ്ങളിലും നായകനായാണ് കളിച്ചിട്ടുള്ളത്.