സുമീഷ്|
Last Modified തിങ്കള്‍, 12 മാര്‍ച്ച് 2018 (12:32 IST)
വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാള സിനിമാ പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള അഭിനേതാവാണ് ജയസൂര്യ. താരത്തിന്റെ പുതിയ കഥാപാത്രം മേരിക്കുട്ടിയുടെ ഗെറ്റപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരികുകയാണ്. സ്ത്രീവേഷത്തിലെത്തിയ മേരിക്കുട്ടി എന്ന കഥാപാത്രത്തെ ഫസ്റ്റ് ലുക്ക് ടീസർ വന്നതോടു കൂടി ആളുകൾ സ്വീകരിച്ചു കഴിഞ്ഞു.
മേരിക്കുട്ടിയായി എത്തിയ ജയസൂര്യയെ കണ്ട് മനസ്സിലായില്ലെന്ന് യുവസംവിധായകൻ സാംജി ആന്റണി പറയുന്നു. ജയസൂര്യയില്‍ നിന്നും മേരിക്കുട്ടിയിലേക്കുള്ള യാത്രയെകുറിച്ച് സാംജി എഴുതിയ കുറിപ്പ് ഇപ്പോൾ സാമൂഹ്യ മാധ്യനങ്ങളിൽ ചർച്ചയാവുകയാണ്. ജയസൂര്യയെ നായകനാക്കി ഗബ്രി എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ഈ യുവ സംവിധായകൻ.
സാംജി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഞാൻ കണ്ട മേരിക്കുട്ടി
പതിവുപോലെ നേരത്തേ എണീക്കാൻ മടിപിടിച്ചു കിടന്ന ഒരു ദിവസം, കൃത്യം 8 ആം തീയതി 10 മണി. ഫോൺ റിങ് കേട്ടു അലസതയോടെ കണ്ണു തുറന്നു നോക്കി കോളിങ്, ജയേട്ടൻ ചാടി എണീറ്റു...
ഗുഡ് മോണിങ് ജയേട്ടാ
ഫോണിൽ: ഗുഡ് മോണിങ് സാമേ നീ എവിടെ ഉണ്ട് ?
ഞാൻ : കൊച്ചിയിൽ ഉണ്ട് ചേട്ടാ.
ജയേട്ടൻ : ഡാ വരുന്ന 10ആം തീയതി വൈകുന്നേരം 6. 30നു പുണ്യാളൻ പ്രൈവ്റ്റ് ലിമിറ്റഡിന്റെ 75ആം ദിവസം ആഘോഷവും, ഞാൻ മേരിക്കുട്ടിയുടെ ലോഞ്ചിങും ഉണ്ട്. നീ വരണം. ഡീറ്റെയിൽസ് ഞാൻ വാട്സ്ആപ്പ് ചെയ്യാം..
ഞാൻ : Ok ചേട്ടാ.
ഫോൺ കട്ട് ചെയ്തു. പത്താം തീയതി ഐഎംഎ ഹാൾ, 6. 30 പി.എം. ഞാൻ എത്തി.
സിനിമ സുഹൃത്തുക്കൾ നിറയെ. എല്ലാവരെയും കണ്ട് പരിചയം പുതുക്കി.
താര നിബിഡം. എല്ലാവരെയും കണ്ടു, എന്നാൽ ജയേട്ടനെ മാത്രം കണ്ടില്ല. എന്നെ സ്വാഗതം ചെയ്തതും ഇവനാണ് "ഗബ്രി "യുടെ സംവിധായകൻ എന്നു പറഞ്ഞു ശ്രീ രഞ്ജിത് ശങ്കർ ഉൾപ്പെടെ ഉള്ളവരെ പരിചയപ്പെടുത്തിയതും ജയേട്ടൻ ആയിരുന്നില്ല പകരം കൈയ്യിൽ നെയിൽ പോളിഷ് ഇട്ട, കാതിൽ കമ്മലിട്ട "മേരിക്കുട്ടി " ആയിരുന്നു.
ഒരു നടന് എങ്ങനെയാണു ഇത്തരത്തിൽ മാറാൻ സാധിക്കുക ? അന്നു വരെ ഞാൻ കണ്ട ജയേട്ടൻ ആയിരുന്നില്ല അവിടെ പുതിയ രൂപം, പുതിയ ഭാവം. ഒരു കഥാപാത്രത്തിന്റെ ആത്മാവ് തൊട്ട്, കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പരകായപ്രവേശം അല്ലെങ്കിൽ അതിലേക്കുള്ള ഒരു യാത്രയാണ് enik ജയേട്ടനിൽ കാണാൻ സാധിച്ചത്. അദ്ദേഹത്തെ ഞാൻ നിരീക്ഷിച്ചു കൊണ്ടിരുന്നു. കൈവിരൽ ചലനങ്ങൾ തൊട്ട് ചിരിയിൽ പോലും എനിക്ക് അടുത്ത് അറിയാവുന്ന ജയസൂര്യയെ കാണാൻ സാധിച്ചില്ല,പകരം മേരിക്കുട്ടി മാത്രം. മേരിക്കുട്ടി ആയി മലയാളികളെ അല്ല ലോകത്തിലെ എല്ലാ സിനിമ പ്രേമികളെയും ജയേട്ടാ നിങ്ങൾ ഞെട്ടിക്കട്ടെ, പ്രാർത്ഥനയോടൊപ്പം ആശംസകളും.
പരിപാടി കഴിഞ്ഞു ഇറങ്ങാറായപ്പോൾ ജയേട്ടന്റെ കാതിൽ ഞാൻ പറഞ്ഞു "ജയേട്ടാ മേരിക്കുട്ടി ആയിട്ടോ " അപ്പോൾ ആ മുഖത്ത് ഒരു ചിരി വിടർന്നു...
മേരിക്കുട്ടിയുടെ ചിരി..