നിഹാരിക കെ എസ്|
Last Modified ശനി, 26 ഒക്‌ടോബര്‍ 2024 (11:21 IST)
തനിക്ക് ഏറെ ഇഷ്ടപ്പെട്ട നടി ഉർവശിയാണെന്ന് വിദ്യ ബാലൻ. ഉർവശി ചെയ്യുന്ന കോമഡി കഥാപാത്രങ്ങൾ എല്ലാം എക്കാലവും ഓർത്തിരിക്കുന്നവയാണെന്നും തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശി ആണെന്നുമാണ് വിദ്യ ബാലൻ വെളിപ്പെടുത്തിയത്. 'എഫ്.ടി.ക്യൂ. വിത് രേഖ മേനോൻ' എന്ന ഇന്റർവ്യൂവിലായിരുന്നു താരത്തിന്റെ പരാമർശം.
ഹിന്ദിയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് കോമഡി റോളുകൾ അങ്ങനെ ലഭിക്കാറില്ല. കോമഡി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ഉർവശിയും ശ്രീദേവിയുമാണ്. ഇൻസ്റ്റഗ്രാമിലെ കോമഡി റീലുകൾ ചെയ്യുമ്പോൾ താൻ അതീവ സന്തോഷവതിയാണ്. ഒടിടി പ്ലാറ്റ്ഫോമിന്റെ വരവോടെ കൂടുതൽ മലയാള സിനിമകൾ കണാൻ കഴിയുന്നുണ്ട്. ഫഹദിന്റെ വർക്കുകൾ അതിശയകരമാണ്. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, നടി അന്ന ബെൻ എന്നിവരും എനിക്ക് പ്രിയപ്പെട്ടവരാണ്', വിദ്യ ബാലൻ പറഞ്ഞു.
അതേസമയം, വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡിൽ സ്ഥാനമുറപ്പിച്ച നടിയാണ്വിദ്യ ബാലൻ. സിനിമകളിൽ കോമഡി വേഷങ്ങളിലങ്ങനെ എത്തിയിട്ടില്ലെങ്കിലും താരത്തിന്റെ കോമഡി റീലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ഭൂൽ ബൂലയ്യയുടെ പുതിയ ഭാഗമാണ് വിദ്യയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.