Last Modified ചൊവ്വ, 23 ഏപ്രില്‍ 2019 (15:55 IST)
ചലച്ചിത്ര താരങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കാൻ മടിക്കുന്നതിനെതിരെ മുൻ പാർലമെന്റ് അംഗവും ഇടതുപക്ഷ സഹയാത്രികനുമായ സെബാസ്റ്റ്യൻ പോൾ രംഗത്തെത്തിയിരുന്നു. മോഹൻലാലിനും ടൊവിനോ തോമസിനും ജനാധിപത്യത്തിലെ പ്രായപൂർത്തിയായത് ഇപ്പോഴാണോയെന്ന് പരിഹസിച്ച സെബാസ്റ്റ്യൻ പോളിന് മാസ് മറുപടി നൽകി ടൊവിനോ.
ടോവിനോയുടെ പോസ്റ്റിന്റെ പൂർണരൂപം:
To Sebastian Paul,
അങ്ങയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാൻ ചെയ്തത് എന്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാൻ എഴുതിയത് എന്റെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാൻ ആണ് എന്ന അർത്ഥത്തിലാണ്. അതിന്റെ അർത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്. പിന്നെ എനിക്ക് പ്രായപൂർത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാൻ എവിടെയാണെങ്കിലും അവിടുന്ന് എന്റെ നാടായ ഇരിങ്ങാലക്കുടയിൽ വന്ന് എന്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കിൽ സാറിനു അന്വേഷിക്കാൻ വഴികൾ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി.
ഗപ്പി എന്ന സിനിമയുടെ ഷൂട്ടിനിടക്ക് നാഗർകോവിൽ നിന്ന് ഇരിങ്ങാലക്കുട വന്നാണ് വോട്ട് ചെയ്തിട്ട് പോയത്. വോട്ടിനു ശേഷം പുരട്ടിയ വിരലിലെ മഷി കാരണം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സീനിന്റെ തുടർച്ചയെ ബാധിച്ചു എന്ന് പറഞ്ഞു സംവിധായകന്റെ പരിഹാസവും അന്ന് നേരിട്ടത് ഞാൻ ഓർക്കുന്നു.
സിനിമ നടനായതുകൊണ്ടുള്ള ചില ആനുകൂല്യങ്ങൾ ആണ്. നമ്മൾ ചെയ്തു വെച്ചിട്ടുള്ള നല്ല കാര്യങ്ങൾ ആണേലും മോശം കാര്യങ്ങൾ ആണേലും റിയൽ ലൈഫിലും പ്രതിഫലിക്കപെടും. അങ്ങനെ പെട്ട് പോയതാണ് ഗപ്പിയിൽ. എന്റെ പ്രായം 30 വയസ്സ് ആണ് സർ, എന്റെ 30 വയസ്സിനിടക്ക് വന്ന നിയമസഭ ഇലക്ഷൻ, ലോക്‌സഭ ഇലക്ഷൻ, മുൻസിപാലിറ്റി ഇലക്ഷൻ തുടങ്ങിയവയിൽ എല്ലാം ഞാൻ വോട്ട് ചെയ്തിട്ടുണ്ട്. ഇനി ജീവിതകാലം മുഴുവൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നിടത്തോളം കാലം ഞാൻ അത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.