ആണുങ്ങളെ വില കളയാൻ,ആ മീശയും വച്ച് കരയാതെടോ; ആദിത്യന് കളിയാക്കല്‍, അഞ്‍ജുവിന്റെ മറുപടി

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (10:25 IST)
ഗായികയും നടിയുമായ അഞ്‍ജു ജോസഫ് കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതയായത്. ആദിത്യന്‍ പരമേശ്വരന്‍ ആണ് അഞ്ജുവിന്റെ ഭര്‍ത്താവ്. നവംബര്‍ 28 നായിരുന്നു ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം നടന്നത്. പിന്നാലെ ഇന്നലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി റിസപ്ഷനും നടത്തി. റിസപ്ഷനില്‍ നിന്നുള്ള വീഡിയോകള്‍ വൈറലായി മാറുകയാണ്.

അഞ്ജുവും കൂട്ടുകാരും ചേര്‍ന്നുള്ള ഡാന്‍സ് വൈറലായി മാറിയിട്ടുണ്ട്. ഇതിനിടെ അഞ്ജുവും ആദിത്യനും ചേര്‍ന്ന് പാട്ടു പാടുന്ന വീഡിയോയും വൈറലാകുന്നത്. പാട്ടു പാടുന്നതിനിടെ ആദിത്യന്‍ കരയുന്നുണ്ട്. ഈ വീഡിയോയും വൈറലായി മാറുന്നുണ്ട്. പരസ്യമായി ഒരു പുരുഷൻ കരഞ്ഞത് സോഷ്യൽ മീഡിയയിലെ ഞരമ്പൻമാർക്ക് പിടിച്ചിട്ടില്ല. കരഞ്ഞതിന് ആദിത്യനെ കളിയാക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം.

''ആണുങ്ങളുടെ വില കളയും, അവനു കുറച്ച് കുപ്പി പാല് കൊടുക്ക്, കരഞ്ഞോ മുത്തേ ഇനി ജീവിതകാലം മുഴുവന്‍ കരയാന്‍ ഉള്ളതാണ്, യ്യോ ച്ചിച്ചി വാവ, പറ്റിയ ചെക്കന്‍. രണ്ടാള്‍ക്കും ഇടയ്ക്ക് ഇടയ്ക്ക് കരയാം, എന്ത് ഊളയാടാ നീ, ഇജ്ജാതി നടന്‍, എടാ നീ മീശ വച്ച് ഇങ്ങനെ കരയല്ലേ, ഒരു ഗ്യാസ് മിട്ടായും പീപ്പിയും മേടിച്ചു കൊടുത്തു അവനെ ആശ്വസിപ്പിച്ചു വിട്ടേ. വെറുതെ പാവത്തിനെ വേദനിപ്പിച്ചു..'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസ കമന്റുകള്‍.

ഇത്തരം പരിഹാസ കമന്റുകളൊന്നും അഞ്ജുവിനെയും ആദിത്യയെയും തെല്ലും ബാധിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. കരയാനുള്ളതൊക്കെ അഞ്‍ജു നേരത്തെ കരഞ്ഞുതീർത്തതാണെന്നും വിമർശകർ സ്വന്തം കാര്യം നോക്കി പോയാൽ മതിയെന്നും ചിലർ പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ മിഴികള്‍ അറിയാതെ നനയുന്നത് മനസില്‍ നിറഞ്ഞു നിന്നിരുന്ന ദുഃഖങ്ങളില്‍ നിന്നും പെട്ടെന്ന് ഒര് സന്തോഷത്തിന്റെ ദിനങ്ങളിലേക്ക് കടക്കുമ്പോള്‍ നിഷ്‌കളങ്കര്‍ ആയ ചില മനുഷ്യരുടെ കണ്ണുകള്‍ നിറയും. അത്രയേ ഈ സഹോദരനും സംഭവിച്ചുള്ളൂ എന്നിങ്ങനെയാണ് അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.

പിന്നാലെ ആദിത്യനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അഞ്ജു ജോസഫ്. ''എന്റെ ആമസോണ്‍ ഗ്രീന്‍ ഫോറസ്റ്റിനെ വിവാഹം കഴിച്ചിരിക്കുന്നു. കുടുംബത്തിനും കുടുംബമായ സുഹൃത്തുക്കളോടുമൊപ്പമുള്ള രസകരമായൊരു ദിവസം. എല്ലാവരും നന്ദി പറയുന്നു. ലവ് യു ഓള്‍.'' എന്നാണ് അഞ്ജുവിന്റെ കുറിപ്പ്. നേരത്തെ തന്റെ വരനെ അവഹേളിച്ചവര്‍ക്കുള്ള അഞ്ജുവിന്റെ മറുപടിയാണ് ഈ പോസ്‌റ്റെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :