ഷക്കീലയെ ഉപയോഗിച്ച് സിനിമയ്ക്ക് വേണ്ടി ചീപ്പ് പബ്ലിസിറ്റി നടത്തുന്നു; ഒമര്‍ ലുലുവിനെതിരെ സോഷ്യല്‍ മീഡിയ

രേണുക വേണു| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (13:25 IST)

ഒമര്‍ ലുലു സംവിധാനം ചെയ്ത 'നല്ല സമയം' നവംബര്‍ 25 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നവംബര്‍ 19 ശനിയാഴ്ച വൈകിട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് ട്രെയ്ലര്‍ ലോഞ്ച് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് നടന്നില്ല. നടി ഷക്കീലയായിരുന്നു ട്രെയ്ലര്‍ ലോഞ്ചിന് എത്തിയത്.

ട്രെയ്‌ലര്‍ ലോഞ്ചിനായി ഷക്കീല കോഴിക്കോട് എത്തിയതാണ്. എന്നാല്‍ അവസാന സമയത്താണ് ഹൈലൈറ്റ് മാള്‍ അധികൃതര്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരിപാടിക്ക് അനുമതി നിഷേധിച്ചത്. ഇതോടെ പരിപാടി റദ്ദാക്കുകയാണെന്നാണ് ഒമര്‍ പറഞ്ഞത്. ഷക്കീലയായതുകൊണ്ടാണ് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചത് എന്ന തരത്തിലാണ് ഒമര്‍ ലുലുവുമായി ബന്ധപ്പെട്ട വൃത്തങ്ങളും ഇതിനെതിരെ രംഗത്തെത്തിയത്.

എന്നാല്‍ വിശദീകരണവുമായി ഹൈലൈറ്റ് മാള്‍ അധികൃതര്‍ തന്നെ രംഗത്തെത്തി. സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഒമര്‍ നടത്തിയ ഡ്രാമയാണ് ഇതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ഷക്കീല ആയതുകൊണ്ടല്ല തങ്ങള്‍ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നാണ് ഹൈലൈറ്റ് മാള്‍ അധികൃതരുടെ വിശദീകരണം. സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി മാത്രമാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. ഷക്കീല പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ല. അതുകൊണ്ടാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നാണ് ഹൈലൈറ്റ് മാള്‍ അധികൃതരുടെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :