നിഹാരിക കെ.എസ്|
Last Modified ബുധന്‍, 29 ജനുവരി 2025 (08:15 IST)
കരിയറിൽ വലിയ വിജയങ്ങളൊന്നും ഇല്ലാത്ത സമയമാണ് നിവിൻ പോളിക്ക്. നിവിൻ പോളിയുമായി ഒരു ചിത്രത്തിന്റെ ചർച്ചയിലാണ് താനെന്ന്
വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തി. സിനിമയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആ സിനിമയിൽ രണ്ടുപേർക്കും പ്രതീക്ഷ ഉണ്ടെന്നും വിനീത് പറഞ്ഞു. 'ഒരു ജാതി ജാതകം' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിലാണ് വിനീതിന്റെ പ്രതികരണം.
'ഞങ്ങൾക്ക് രണ്ടുപേർക്കും ആഗ്രഹം ഉണ്ട്. നിവിനും ഞാനും ഒരു സബ്ജക്ട് കുറച്ച് നാളായി സംസാരിക്കുന്നുണ്ട്. അങ്ങനെ ഭയങ്കരമായി അത് ഡെവലപ്പ് ചെയ്തു എന്ന് പറയാൻ പറ്റില്ല. അവന് അത് നല്ല ആഗ്രഹമുണ്ട്. എനിക്ക് അതിൽ ചില സാധ്യതകള്‍ ഫീൽ ചെയ്തിട്ടുണ്ട്. അവന്റെ മൈൻഡിൽ ഉള്ള ആ സ്റ്റോറിയുടെ കുറച്ച് കാര്യങ്ങൾ വെച്ച് ഒരു പത്ത് പേജ് പിഡിഎഫ് എനിക്ക് അയച്ചിരുന്നു. അത് കഴിഞ്ഞപ്പോൾ എന്റെ മനസിലെ സംഗതികൾ ഞാൻ നിവിനോടും പറഞ്ഞു' വിനീത് പറഞ്ഞു.
വിനീത് ഒടുവില്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ നിവിൻ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. നിവിനെ നായകനാക്കി വിനീത് ഒരുക്കിയ ചിത്രങ്ങളെല്ലാം തിയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കിയതുകൊണ്ട് തന്നെ വിനീതിന്‍റെ വാക്കുകള്‍ നിവിന്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്.