കെ ആര്‍ അനൂപ്|
Last Modified വെള്ളി, 8 മാര്‍ച്ച് 2024 (10:28 IST)
മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ പങ്കെടുക്കേണ്ട മോളിവുഡ് മാജിക് എന്ന പരിപാടി അവസാന നിമിഷം റദ്ദാക്കി. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടന്ന സ്റ്റേഡിയത്തില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഖത്തര്‍ സമയം വൈകിട്ട് 7:00 മണിക്ക് ആയിരുന്നു ഷോ ആരംഭിക്കേണ്ടിയിരുന്നത്.
സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥ വെല്ലുവിളികളുമായിരുന്നു പരിപാടി കാരണങ്ങളായി സംഘാടകരായ നയണ്‍ വണ്‍ ഇവന്റ്‌സ് സോഷ്യല്‍ മീഡിയ പേജ് വഴി അറിയിച്ചത്. ടിക്കറ്റ് വാങ്ങിയ കാണികള്‍ക്ക് ആ പണം 60 ദിവസത്തിനുള്ളില്‍ തിരികെ നല്‍കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
[email protected] എന്ന ഈമെയില്‍ വിലാസത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോന്‍, സ്വാസിക ഉള്‍പ്പെടെയുള്ള താരങ്ങള്‍ ദോഹയില്‍ കഴിഞ്ഞ ദിവസങ്ങളായി എത്തിയിരുന്നു.
കുറച്ച് ആഴ്ചകളായി ഇതുമായി ബന്ധപ്പെട്ട് റിഹേഴ്‌സല്‍ എല്ലാം താരങ്ങള്‍ നടത്തിയിരുന്നു. നേരത്തെ നവംബറില്‍ നടക്കാനിരുന്ന പരിപാടിയായിരുന്നു മാറ്റിയത്. പരിപാടി തുടങ്ങാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് വ്യാഴാഴ്ച ഉച്ചയോടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കേണ്ട സമയമായപ്പോഴായിരുന്നു, ഷോ ക്യാന്‍സല്‍ ആയത്.