രേണുക വേണു|
Last Modified തിങ്കള്‍, 24 മാര്‍ച്ച് 2025 (11:03 IST)
മമ്മൂട്ടിയുടെ സിനിമ സെലക്ഷനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയുമായി മോഹന്‍ലാല്‍. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം, കാതല്‍ ദി കോര്‍ തുടങ്ങിയ സിനിമളെ പരാമര്‍ശിച്ചാണ് അഭിമുഖം നടത്തുന്നയാള്‍ മോഹന്‍ലാലിനോടു അഭിപ്രായം ചോദിച്ചത്. അതെല്ലാം വളരെ മികച്ച സിനിമകളാണെന്നും അത്തരം സിനിമകള്‍ ചെയ്യാന്‍ അദ്ദേഹം തയ്യാറാണെന്നും സമാന രീതിയിലുള്ള സിനിമകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് താനും ചെയ്തിട്ടുണ്ടെന്നും ലാല്‍ പറഞ്ഞു. ഇന്ത്യ ഗ്ലിട്ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' അദ്ദേഹത്തിനു അത്തരം സിനിമകള്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നു. അത്തരം സിനിമകളെ ഷോല്‍ഡര്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. അദ്ദേഹം വളരെ സന്തോഷത്തോടെയാണ് അത്തരം സിനിമകള്‍ ചെയ്യുന്നത്,' മോഹന്‍ലാല്‍ പറഞ്ഞു.
സമീപകാലത്ത് ഏതെങ്കിലും സിനിമ കണ്ടശേഷം അതേകുറിച്ച് മമ്മൂട്ടിയോടു സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെ: ' ഞാന്‍ കാതല്‍ കണ്ടിരുന്നു. അത് വളരെ മനോഹരമായൊരു സിനിമയാണ്. ഞാനും അത്തരത്തിലുള്ള സിനിമകള്‍ മുന്‍പ് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇത്തരത്തിലുള്ള സിനിമകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. സ്വവര്‍ഗ ലൈംഗികത പ്രതിപാദിക്കുന്ന സിനിമ ഞങ്ങള്‍ ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പേ ചെയ്തിട്ടുണ്ട്, 'ദേശാടനക്കിളി കരയാറില്ല'. 35-40 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ചെയ്ത സിനിമയാണ്,'
പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേശാടനക്കിളി കരയാറില്ല. 1986 ലാണ് ചിത്രം റിലീസ് ചെയ്തത്. ശാരി, കാര്‍ത്തിക, മോഹന്‍ലാല്‍, ഉര്‍വശി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.