നിഹാരിക കെ എസ്|
Last Modified വെള്ളി, 4 ഒക്‌ടോബര്‍ 2024 (12:01 IST)
തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനം സംബന്ധിച്ച തന്റെ വൈറൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞതിന് പിന്നാലെ വീണ്ടും പ്രതികരണവുമായി കോൺഗ്രസ് നേതാവും തെലങ്കാന വനംവകുപ്പ് മന്ത്രിയുമായ കൊണ്ട സുരേഖ. ഇരുവരും വേർപിരിയാനുള്ള കാരണം ആർക്കും അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പുതിയ പ്രസ്താവന. സിനിമ മേഖലയിലെ ചില കേന്ദ്രങ്ങളിൽ നിന്നും അറിഞ്ഞ കാര്യങ്ങളാണ് താൻ തന്റെ മുൻപ്രസ്താവനകളിൽ പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
നേരത്തെ, മന്ത്രി അവരുടെ വിവാദപ്രസ്താവന പിൻവലിച്ച് താരങ്ങളോട് മാപ്പുപറഞ്ഞിരുന്നു. തന്നെ അപമാനിച്ച കെ.ടി.ആറിനെ ഉദ്ദേശിച്ചായിരുന്ന തന്റെ പരാമർശമെന്നും അവർ കൂട്ടിച്ചെർത്തിരുന്നു. സാമന്ത- നാഗചൈതന്യ വിവാഹമോചനത്തിൽ കെ.ടി.ആറിന് പങ്കുണ്ടെന്നും ഭർതൃപിതാവ് നാഗാർജുന സമാന്തയോട് കെ.ടി.ആറിന്റെ അടുത്ത് പോകാൻ ആവശ്യപ്പെട്ടിരുന്നുവെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
സംഭവം വിവാദമായതോടെ സാമന്ത, നാഗാർജുന, നാഗ ചൈതന്യ എന്നിവർ മന്ത്രിക്കെതിരെ രംഗത്ത് വന്നു. ഇവരെ കൂടാതെ ഖുശ്‌ബു, അല്ലു അർജുൻ, ജൂനിയർ എൻ.ടി.ആർ, രാം ചരൺ തുടങ്ങിയവർ മന്ത്രിക്കെതിരെ രംഗത്ത് വന്നു. തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ നിന്നും വൻ വിമർശനമാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. സാമന്ത- നാഗചൈതന്യ വിവാഹമോചനത്തിൽ ബി.ആർ എസ് നേതാവ് കെ.ടി രാമറാവുവിന പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയത്.