അഭിനയത്തിന്റെ വ്യത്യസ്ത ഭാവങ്ങൾകൊണ്ട് ലോകത്തെ അമ്പരപ്പിച്ച നടൻ; പകരക്കാരനില്ലാതെ അരങ്ങുതകർക്കുന്ന മമ്മൂട്ടി എങ്ങനെ മെഗാസ്‌റ്റാറായി?!

അഭിനയത്തിന്റെ വ്യത്യസ്ത ഭാവങ്ങൾകൊണ്ട് ലോകത്തെ അമ്പരപ്പിച്ച നടൻ; പകരക്കാരനില്ലാതെ അരങ്ങുതകർക്കുന്ന മമ്മൂട്ടി എങ്ങനെ മെഗാസ്‌റ്റാറായി?!

Rijisha M.| Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2018 (12:40 IST)
മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടി മെഗാസ്‌റ്റാറായതിന് പിന്നിൽ ഒരുപാട് പ്രയത്‌നങ്ങളുടെ കഥയുണ്ട്. പകരക്കാരനില്ലാത്ത താരസൂര്യനായി പല തരത്തിലുള്ള വേഷങ്ങൾ കൈകാര്യം ചെയ്‌ത് മലയാളത്തിലെ മെഗാസ്‌റ്റാറായി തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. മെലിഞ്ഞ് ഉയരമുള്ള ശരീരപ്രകൃതിയുമായി മലയാള സിനിമയിലേക്ക് കാലെടു‌ത്തുവെച്ച മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയ്‌ക്ക് ആദ്യ നാളുകളിൽ പല പ്രതിസന്ധികളും നേരിടേണ്ടിവന്നിട്ടുണ്ട്. അഭിനയകുലപതിയായ മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്‌റ്റാറായതിന് പിന്നിലും ഒരു കഥയുണ്ട്.

1971ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്‌ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ എൻട്രി. ഒരൊറ്റ സീൻ മാത്രം അഭിനയിച്ചായിരുന്നു ആ സിനിമയിലൂടെ മമ്മൂട്ടി വെള്ളിത്തിരയിലേക്ക് വന്നത്. അതിന് ശേഷം മമ്മൂട്ടി ചെയ്‌ത ചിത്രമാണ് കാലചക്രം. ഈ രണ്ട് ചിത്രത്തിലും വലിയ പ്രാധാന്യമുള്ള വേഷമായിരുന്നില്ല താരം കൈകാര്യം ചെയ്‌തത്.

ഒരു കടത്തുകാരന്റെ വേഷത്തിലായിരുന്നു കാലചക്രത്തിൽ മമ്മൂട്ടി എത്തിയത്. പ്രേം നസീർ ആയിരുന്നു ചിത്രത്തിലെ നായകൻ. നായകനായ പ്രേം നസീർ കാമുകിയോടൊത്ത് ഒളിച്ചോടുമ്പോൾ അവിടെ പകരക്കാരനായെത്തുന്ന ആളായാണ് മമ്മൂട്ടി അഭിനയിച്ചത്. തിരിച്ച് വന്ന നസീർ മമ്മൂട്ടിയോട് പറയുന്ന ഡയലോഗ് ഉണ്ട് 'എനിക്ക് പകരം വന്ന ആളാണല്ലേ' എന്ന്. അത് അർത്ഥവത്താകുന്ന തരത്തിൽ തന്നെയായിരുന്നു പിന്നീട് അങ്ങോട്ടുള്ള മമ്മൂട്ടിയുടെ സിനിമാ ജീവിതം.

അഭിനയത്തോടുള്ള ആവേശത്തിന്റെ പുറത്ത് പല പ്രതിസന്ധികളും മമ്മൂട്ടി ചിരിച്ചുകൊണ്ട് തരണം ചെയ്‌തു. എന്നാൽ സ്‌ഫോടനം എന്ന ചിത്രത്തിനിടെ മമ്മൂട്ടിയെ തളർത്തുന്ന സംഭവങ്ങൾ ഉണ്ടായി. പുതുമുഖ നായകനായതുകൊണ്ട് അണിയറ പ്രവർത്തകർ മമ്മൂട്ടിക്ക് വേണ്ടത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. ഒരു സീനിം മതിലിൽ നിന്ന് ചാടേണ്ടിവന്ന മമ്മൂട്ടിയുടെ കാലിൽ പരുക്ക് പറ്റുകയും ഫ്രാക്‌ച്വർ ആകുകയും ചെയ്‌തു. പിന്നീട് അതേ ചിത്രത്തിന്റെ ഡബ്ബിംഗ് പ്രോസസ്സ് സമയത്ത് മമ്മൂട്ടി സ്‌റ്റുഡിയോയിൽ ഡബ്ബ് ചെയ്യാനെത്തിയപ്പോൾ ശബ്‌ദം ശരിയല്ലെന്ന് പറഞ്ഞ് പുറത്താക്കുകയും ചെയ്‌തിരുന്നു. അത് മമ്മൂട്ടിക്ക് വലിയൊരു ഷോക്കായിരുന്നു. സ്‌റ്റുഡിയോക്ക് പുറത്തെത്തിയ മമ്മൂട്ടിയുടെ കണ്ണുകൾ നിറഞ്ഞു. കരയുന്ന മമ്മൂട്ടിയെ ആശ്വസിപ്പിക്കാൻ കൊച്ചിൻ ഹനീഫ അടുത്തെത്തി. 'നാളെ നിങ്ങളുടെ ശബ്‌ദത്തേക്കുറിച്ചോർത്ത് ആളുകൾ വാചാലരാകുന്ന ഒരു കാലം വരുമെന്ന്' മമ്മൂട്ടിയെ സമാധാനിപ്പിച്ചുകൊണ്ട് കൊച്ചിൻ ഹനീഫ പറഞ്ഞു. പിന്നീട് ശബ്‌ദത്തിൽ മമ്മൂട്ടി വരുത്തിയ മോഡുലേഷനിലായിരുന്നു താരം തിളങ്ങിയത്.

പിന്നീട് പല സിനിമകളിലും ചെറിയ ചെറിയ വേഷങ്ങളിലും നായക വേഷത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും അത്രശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് ഐവി ശശി- എംടി കൂട്ടുകെട്ടിന്റെ തൃഷ്‌ണത്തിൽ അഭിനയിക്കുകയും ചിത്രം സൂപ്പർഹിറ്റ് ആകുകയും ചെയ്‌തത്. അതിന് ശേഷം ഐവി ശശിയുടെ സ്ഥിരം നായകനായി മമ്മൂട്ടി മാറി. എങ്കിലും സൂപ്പർ താര പദവിയിലേക്ക് മമ്മൂട്ടി അപ്പോഴും ഉയർന്നില്ല. ഈ വർഷത്തിലാണ് മമ്മൂട്ടിയുടെ കരിയറിൽ തുടർ പരാജയങ്ങൾ ഉണ്ടായത്.

1982 മുതൽ 87 വരെയുള്ള കാലഘട്ടത്തിൽ 150 ഓളം ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചു. ചില ചിത്രങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാത്തിലും മമ്മൂട്ടി തന്നെയായിരുന്നു നായകൻ. മമ്മൂട്ടി നിരസിച്ച രാജാവിന്റെ മകനിലൂടെ സൂപ്പർ താര പദവിയിലേക്ക് എത്തുന്നത് ആസമയത്തായിരുന്നു. ആ സമയത്ത് മമ്മൂട്ടി ചിത്രങ്ങൾ ബോക്‌സോഫീസിൽ പരാജയപ്പെട്ടുതുടങ്ങി. 1986 ആണ് പിന്നീട് മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ലൈഫിൽ മറക്കാൻ പറ്റാത്ത വർഷം. മോഹൻലാൽ 21 ചിത്രങ്ങളിൽ അഭിനയിച്ചപ്പോൽ മമ്മൂട്ടി ആ സമയത്ത് 35 ചിത്രങ്ങളിൽ അഭിനയിച്ചു.

പിന്നീട് വന്ന ന്യൂഡൽഹിയായിരുന്നു മമ്മൂട്ടിയുടെ കരിയർ മാറ്റിക്കുറിച്ചത്. തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിയ മമ്മൂട്ടിയുടെ ചിത്രമായ ന്യൂഡൽഹിക്ക് നിർമ്മാതാവിനെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ സംവിധായകനായ ജോഷിയ്‌ക്ക് മമ്മൂട്ടി മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ഒമ്പതോളം നിർമ്മാതാക്കളാണ് മമ്മൂട്ടിയുടെ പേരും പറഞ്ഞ് ന്യൂഡൽഹി നിരസിച്ചത്. അതിന് ശേഷമാണ് ജൂബിലി പ്രൊഡക് ‌ഷൻസിന്റെ ബാനറിൽ ജോയ്‌ തോമസ് ചിത്രം ഏറ്റെടുത്തത്. 1987 ജൂലൈ 24ന് ചിത്രം റിലീസ് ചെയ്‌തു. വ്യത്യസ്‌തമായൊരു ചിത്രമായതുകൊണ്ടുതന്നെ മമ്മൂട്ടി-ജോഷി ടീമിന് ടെൻഷനും ഏറെയായിരുന്നു. എന്നാൽ ആ വിജയത്തിന് ശേഷം മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അവിടെ നിന്ന് വിജയം നേടിയ മമ്മൂട്ടി പിന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനാകുകയും മെഗാസ്‌റ്റാർ പദവിയിലേക്ക് ഉയരുകയും ചെയ്‌തു.

മുഹമ്മദ് കുട്ടി മമ്മൂട്ടി ആയതിന്റെ പിന്നിലും കഥയുണ്ട്. മമ്മൂട്ടിക്ക് വീണ ഇരട്ടപ്പേരായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ നാട്ടിലുള്ളവർ ആദ്യം മമ്മൂട്ടിയെ വിളിച്ചത് മുഹമ്മദ് കുഞ്ഞേ എന്നായിരുന്നു. കോളേജിൽ ചേർന്നപ്പോൾ തന്റെ പേര് ഒമർ ഷരീഫ് എന്നാണെന്ന് എല്ലാവരോടും പറയുകയായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ ശരിക്കുള്ള പേര് മുഹമ്മദ് കുട്ടി എന്നാണെന്ന് സുഹൃത്തുക്കൾ പിന്നീട് മനസ്സിലാക്കി. ഇതോടെ കള്ളം പറഞ്ഞ മുഹമ്മദ് കുട്ടിയെ സുഹൃത്തുക്കൾ കളിയാക്കി വിളിച്ച പേരാണ് മമ്മൂട്ടി എന്ന്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :