മീര ജാസ്മിന്റെ അഭിനയത്തെ കുറിച്ച് ആർക്കും മറ്റൊരഭിപ്രായമില്ല. എന്നാൽ, മീരയുടെ വ്യക്തിജീവിതത്തിലേക്ക് വന്നാൽ പലതവണ നടി വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. അച്ഛനും അമ്മയുമായുള്ള പ്രശ്‌നം മുതൽ പ്രണയ പരാജയങ്ങളും പുറത്തുവന്നു. സെറ്റിൽ വെച്ചുള്ള മീരയുടെ പെരുമാറ്റവും ചർച്ചയായിട്ടുണ്ട്. വിവാഹം കഴിഞ്ഞുള്ള ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് മീര സിനിമയിലേക്ക് തിരിച്ച് വന്നത്.
2014 ൽ ആണ് ജോൺ ടൈറ്റസ് എന്നയാളുമായുള്ള മീരയുടെ വിവാഹം കഴിഞ്ഞത്. അതിന് ശേഷം ഇന്റസ്ട്രിയിൽ നിന്നും അപ്രത്യക്ഷയായ മീരയെ കുറിച്ച് പിന്നീടൊരു വിവരവും ഉണ്ടായിരുന്നില്ല. തിരിച്ചുവരവിന് ശേഷവും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മീര എവിടെയും പറഞ്ഞിട്ടില്ല. മീര വിവാഹ മോചനത്തിന് ശേഷമാണോ തിരിച്ചുവന്നത്, ഭർത്താവ് എവിടെ, എന്താണ് മറച്ചുവയ്ക്കുന്നത് എന്നൊക്കെയുള്ള ചോദ്യത്തിന് മീര യാതൊരു പിടിയും തരുന്നില്ല.
10 വർഷങ്ങൾക്ക് ശേഷം മീര ഇപ്പോൾ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. മാധവൻ, നയൻതാര, സിദ്ധാർത്ഥ് തുടങ്ങിയവർ അഭിനയിക്കുന്ന ടെസ്റ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് നടി ഇപ്പോൾ. ഇപ്പോൾ തന്റെ സന്തോഷത്തിനാണ് ഏറ്റവും അധികം പ്രാധാന്യം നൽകുന്നതെന്നും അത് സ്വകാര്യമാണെന്നുമാണ് മീര പറയുന്നത്.
'ഇപ്പോൾ ഞാൻ എന്റെ സന്തോഷത്തിനാണ് ഏറ്റവും അധികം പ്രാധാന്യം നൽകുന്നത്. എനിക്ക് എന്റേതായ ഒരു ലോകമുണ്ട്. അവിടെ എനിക്കിഷ്ടമുള്ളതെല്ലാം ചെയ്ത് ഞാൻ സന്തോഷം കണ്ടെത്തുന്നു. മറ്റൊന്നും എന്നെ ബാധിക്കുന്നില്ല', എന്നാണ് മീര ജാസ്മിൻ പറഞ്ഞത്.