Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (18:23 IST)
വിഷുക്കാലം എന്നും മലയാള സിനിമയ്ക്ക് ചാകരക്കാലമാണ്. ഇത്തവണയും വ്യത്യസ്തമല്ല. മെഗാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങള്‍ വിഷുവിന് പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
വിഷുവിന് മുമ്പാണ് മോഹന്‍ലാല്‍ ചിത്രമായ ലൂസിഫര്‍ എത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. വില്ലനായി വിവേക് ഒബ്‌റോയ് എത്തുന്നു.
വിഷുവിന് മലയാളത്തിലെ റെക്കോര്‍ഡ് റിലീസായി
മധുരരാജ എത്തും. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും വലിയ റിലീസായിരിക്കും അത്. സണ്ണി ലിയോണ്‍ ഈ സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്.
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ വന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. തമിഴ് താരം ജയ് ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സഹോദരനായാണ് ജയ് എത്തുന്നത്. പോക്കിരി രാജയില്‍ പൃഥ്വിരാജായിരുന്നു മമ്മൂട്ടിയുടെ സഹോദരനായി എത്തിയത്. രണ്ടാം ഭാഗമെത്തുമ്പോള്‍ പൃഥ്വി ഇല്ല എന്നത് കൌതുകമുണര്‍ത്തുന്ന കാര്യമാണ്.
മാത്രമല്ല, പൃഥ്വിയെ ഒഴിവാക്കി എത്തുന്ന മധുരരാജയുമായി മത്സരിക്കാനെത്തുന്നത് പൃഥ്വി സംവിധാനം ചെയ്ത ലൂസിഫര്‍ ആണെന്നതും രസകരമായ കാര്യമാണ്. പുലിമുരുകനെ 100 കോടി ക്ലബില്‍ കടത്തിയ സംവിധായകന്‍ മധുരരാജയെയും 100 കോടി ക്ലബില്‍ ഇടം പിടിക്കത്തക്ക വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ലൂസിഫറും മധുരരാജയും ഏറ്റുമുട്ടുമ്പോള്‍ ഈ വിഷുക്കാലം ആര്‍ക്കാണ് വിജയം കാത്തുവച്ചിരിക്കുന്നതെന്ന് കണ്ടറിയേണ്ട കാര്യം.