‘കിരീടം സൂപ്പർഹിറ്റായി, പക്ഷേ അവർ ലോഹിതദാസിനെ അവഗണിച്ചു, എന്റെ പേര് പോലും ഇല്ലല്ലോയെന്ന് പറഞ്ഞ് വിഷമിച്ചു’- സിന്ധുവിന്റെ വെളിപ്പെടുത്തൽ

അപർണ| Last Updated: തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (16:03 IST)
എം ടിയെക്കാളും പത്മരാജനേക്കാളും മികച്ച തിരക്കഥാകൃത്താണ് ലോഹിതദാസ് എന്ന അഭിപ്രായമുള്ള നിരവധിയാളുകളുണ്ട്. സിനിമയ്ക്കു വേണ്ടി മാത്രമായിരുന്നു ലോഹിയുടെ രചനാപ്രവര്‍ത്തനം. കഥാപാത്രങ്ങളുടെ മൌലികമായ സംഭാഷണ രീതി. ലോഹിയുടെ ഒരു കഥാപാത്രത്തിലൂടെയും എഴുത്തുകാരന്‍ സംസാരിക്കുന്നില്ല. സംസാരിക്കുന്നത് കഥാപാത്രങ്ങള്‍ തന്നെയാണ്.

ഒറ്റത്തടിയില്‍ തീര്‍ത്ത കഥകളായിരുന്നു ലോഹിതദാസ് എഴുതിയതെല്ലാം. ഒട്ടും കലര്‍പ്പില്ലാത്ത കഥാശില്‍‌പങ്ങള്‍.

മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്ക് കരിയര്‍ ബെസ്റ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് ഈ സംവിധായകന്‍. തനിയാവര്‍ത്തനം, കിരീടം, അമരം, ഭൂതക്കണ്ണാടി...ലിസ്റ്റ് നീളുകയാണ്.

എന്നാൽ, ലോഹിയെ കിരീടത്തിന്റെ അണിയറ പ്രവർത്തകർ അപമാനിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ സിന്ധു വെളിപ്പെടുത്തുന്നു. ഹിറ്റ് സിനിമകളിലൊന്നായ കിരീടത്തിന്റെ 125ആം ദിനം ആഘോഷിക്കുന്നതിനിടയില്‍ എല്ലാവരും അദ്ദേഹത്തെ അവഗണിച്ചിരുന്നുവെന്ന് ഭാര്യ പറയുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖ പരിപാടിക്കിടയിലായിരുന്നു സിന്ധു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് കിരീടം. സിനിമയുടെ 125ആം ദിനാഘോഷത്തില്‍ താരങ്ങള്‍ക്കും സംവിധായകനും ഉപഹാരമായി നല്‍കിയത് കിരീടമായിരുന്നു. എന്നാല്‍ ലോഹിതദാസിന് അന്ന് ലഭിച്ചത് സാധാരണ ഷീല്‍ഡായിരുന്നുവെന്ന് ഭാര്യ പറയുന്നു.

സംവിധായകന്‍ പോലും തിരക്ക് കാരണം അത് ശ്രദ്ധിച്ചില്ലായിരുന്നുവെന്ന മറുപടിയാണ് പിന്നീട് ലഭിച്ചത്. ആ ചിത്രത്തിന്റെ നെട്ടെല്ല് തന്നെ തിരക്കഥയായിരുന്നു. ലോഹിതാദസിന്റെ തിരക്കഥയ്ക്ക് അത്രയധികം പ്രാധാന്യം നല്‍കേണ്ടതില്ലെന്നായിരിക്കാം അന്ന് അവര്‍ നല്‍കിയതെന്നും സിന്ധു ചൂണ്ടിക്കാണിക്കുന്നു.

പോസ്റ്ററുകളിലൊന്നും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ വഴിയില്‍ കാണുന്ന പോസ്റ്ററുകളിലൊന്നില്‍ പോലും തന്റെ പേര് കാണുന്നില്ലല്ലോയെന്ന് അദ്ദേഹമൊരിക്കല്‍ പറഞ്ഞിരുന്നുവെന്നും സിന്ധു പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :