നിഹാരിക കെ.എസ്|
Last Modified തിങ്കള്‍, 23 ഡിസംബര്‍ 2024 (14:01 IST)
മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ബറോസ്. സംവിധാനം മോഹൻലാൽ എന്നെഴുതി കാണിക്കാനായുള്ള കാത്തിരിപ്പിലാണ് ഓരോ മോഹൻലാൽ ഫാൻസും. ചിത്രം റിലീസ് ചെയ്യാൻ ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രം.
ക്രിസ്മസ് റിലീസായ ഡിസംബർ 25നാകും ബറോസ് തിയറ്ററിൽ എത്തുക. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലും ആവേശത്തിലുമാണ് ആരാധകർ. നിലവിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായി തുടരുകയാണ് മോഹൻലാൽ.
കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ വൂഡൂവിനെ മോഹൻലാൽ പരിചയപ്പെടുത്തിയിരുന്നു. ബറോസെന്ന സിനിമയിലെ പ്രധാന നടനെന്നായിരുന്നു ഈ അനിമേഷൻ കഥാപാത്രത്തെ മോഹൻലാൽ വിശേഷിപ്പിച്ചത്. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ ബറോസ് എന്ന ചിത്രത്തിന്റെ സംവിധാനത്തിലേക്ക് എത്തിയത്. മുണ്ടും മടക്കിക്കുത്തി,മാസ് ഡയലോഗുകളുമായി നിറഞ്ഞാടിയ മോഹൻലാൽ സംവിധായകനാകുമ്പോൾ എങ്ങനെയുണ്ടെന്നറിയാൻ കാത്തിരിക്കുകയാണ് മലയാളികളിപ്പോൾ.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ബറോസ്. 2021 മാര്‍ച്ച് 24 ന് ആയിരുന്നു ഒഫിഷ്യല്‍ ലോഞ്ച്. പിന്നാലെ 170 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. പിന്നീട് 2024 ഓണം റിലീസായി സെപ്റ്റംബർ 12ന് ബറോസ് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതും മാറ്റുകയായിരുന്നു.
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.