നിഹാരിക കെ.എസ്|
Last Modified ഞായര്‍, 23 മാര്‍ച്ച് 2025 (11:50 IST)
ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ എമ്പുരാനിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ പോസ്റ്റർ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ്. പോസ്റ്ററിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
അതേസമയം, ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് ആരംഭിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645k ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആണ്. 24 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്.
പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായ ലൂസിഫറിന്റെ രണ്ടാം പതിപ്പാണ് ഈ ചിത്രം. ലൈക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.