Empuraan Release: എമ്പുരാന്‍ റിലീസ് മാറ്റിവെച്ചോ? തുടരുന്ന അനിശ്ചിതത്വം

നിലവില്‍ എമ്പുരാന്റെ റിലീസ് നീട്ടിയിട്ടില്ല. മാര്‍ച്ച് 27 നു തന്നെ ചിത്രം തിയറ്ററുകളിലെത്തും

Empuraan Mohanlal Prithviraj Release controversy, Empuraan release, Empuraan Review
രേണുക വേണു| Last Modified വ്യാഴം, 13 മാര്‍ച്ച് 2025 (09:00 IST)
Empuraan - Mohanlal

Empuraan Release: മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായി തിയറ്ററുകളിലെത്തുകയാണ് 'എമ്പുരാന്‍'. മാര്‍ച്ച് 27 നാണ് എമ്പുരാന്റെ വേള്‍ഡ് വൈഡ് റിലീസ്. എന്നാല്‍ റിലീസിനു 14 ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രൊമോഷന്‍ പരിപാടികളൊന്നും ആരംഭിക്കാത്തത് മോഹന്‍ലാല്‍ ആരാധകരെ നിരാശപ്പെടുത്തുന്നു. എമ്പുരാന്റെ റിലീസ് നീട്ടിയെന്ന് പോലും സോഷ്യല്‍ മീഡിയയില്‍ ആശങ്കകള്‍ പങ്കുവയ്ക്കപ്പെടുന്നു. ഇതിന്റെ സത്യാവസ്ഥ എന്താണ്?

നിലവില്‍ എമ്പുരാന്റെ റിലീസ് നീട്ടിയിട്ടില്ല. മാര്‍ച്ച് 27 നു തന്നെ ചിത്രം തിയറ്ററുകളിലെത്തും. നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതേ തുടര്‍ന്നാണ് റിലീസില്‍ അനിശ്ചിതത്വം തുടരുന്നതെന്നുമാണ് ചില ഗോസിപ്പുകള്‍. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങളല്ല. അപ്പോഴും പ്രൊമോഷന്‍ പരിപാടികള്‍ ഇഴഞ്ഞുനീങ്ങുന്നതിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല.

നിര്‍മാതാക്കളായ ആശീര്‍വാദ് സിനിമാസിനെയും ലൈക പ്രൊഡക്ഷന്‍സിനെയും ചീത്ത വിളിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ട്രെയ്ലറെങ്കിലും ഉടന്‍ റിലീസ് ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. പാന്‍ ഇന്ത്യന്‍ സിനിമയായാണ് എമ്പുരാന്‍ എത്തുന്നത്. എന്നാല്‍ കേരളത്തില്‍ പോലും സിനിമയുടെ പ്രൊമോഷന്‍ കാര്യമായി നടക്കുന്നില്ല. ലൈക പ്രൊഡക്ഷന്‍സ് അടുത്തകാലത്ത് ചെയ്ത മിക്ക സിനിമകളും സാമ്പത്തികമായി വലിയ പരാജയമായതിനാല്‍ എമ്പുരാന്റെ പ്രീ ബിസിനസ് പ്രതീക്ഷിച്ച പോലെ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാരണത്താലാണ് പ്രൊമോഷന്‍ പരിപാടികളും ഇഴഞ്ഞു നീങ്ങുന്നതെന്നാണ് മറ്റൊരു പ്രചരണം.

ചിത്രത്തിന്റെ ക്യാരക്ടര്‍ റിലീവിങ് പൂര്‍ത്തിയായിട്ട് 15 ദിവസങ്ങള്‍ കഴിഞ്ഞു. അതിനുശേഷം കാര്യമായ പ്രൊമോഷന്‍ പോസ്റ്ററുകള്‍ പോലും വന്നിട്ടില്ല. സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എമ്പുരാന്റെ അവസാന അപ്‌ഡേറ്റ് വന്നിരിക്കുന്നത് ഫെബ്രുവരി 26 നാണ്. മാത്രമല്ല രാജമൗലി ചിത്രത്തില്‍ അഭിനയിക്കാനായി പൃഥ്വിരാജ് കേരളത്തില്‍ നിന്ന് പോകുകയും ചെയ്തു. പൃഥ്വിരാജിന്റെ അസാന്നിധ്യവും എമ്പുരാന്റെ പ്രൊമോഷനെ ബാധിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിരാജ് നാട്ടില്‍ എത്തിയാല്‍ ഉടന്‍ പ്രചരണ പരിപാടികള്‍ ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

അതുപോലെ തന്നെ ഫാന്‍സ് ഷോയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. മുന്നൂറോളം ഫാന്‍സ് ഷോകള്‍ നടത്തുമെന്നാണ് വിവരം. എന്നാല്‍ എത്ര മണിക്കായിരിക്കും ഷോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പുലര്‍ച്ചെ അഞ്ചിനോ ആറിനോ ഫാന്‍സ് ഷോ വേണമെന്ന് ആരാധകര്‍ ആവശ്യപ്പെടുമ്പോള്‍ രാവിലെ എട്ട് മണി കഴിഞ്ഞിട്ട് ആദ്യ ഷോ മതിയെന്ന നിലപാടിലാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും. ഈ അനിശ്ചിതത്വങ്ങളെല്ലാം ഉടന്‍ നീക്കി എമ്പുരാന്റെ പ്രൊമോഷന്‍ പരിപാടികള്‍ ഊര്‍ജ്ജസ്വലമാക്കണമെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :