നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 18 മാര്‍ച്ച് 2025 (18:57 IST)
മമ്മൂട്ടിയുടെ ഡ്യൂപ്പായി സിനിമയിൽ തുടക്കം കുറിച്ച ആളാണ് ടിനി ടോം. പിന്നീട് സഹനടനായും ക്യാരക്ടർ റോളുകൾ ചെയ്തും തിളങ്ങാൻ സാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് സംവിധായകൻ വിജു വർമ 2014 ൽ ടിനിയെ നായകനാക്കി ഓടും രാജ ആടും റാണി എന്ന സിനിമ ചെയ്തത്. മണികണ്ഠൻ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ ടിനിക്കൊപ്പം പ്രധാന വേഷം ചെയ്തത്. ശ്രീലക്ഷ്മിക്ക് പകരം ആദ്യം നായികയായി പരിഗണിച്ചത് പ്രിയാമണിയെയായിരുന്നു. എന്നാൽ സിനിമ നടി നിരസിച്ചു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഇപ്പോൾ.
പ്രിയാമണി ചെയ്തത് തെറ്റാണെന്ന് വിജു വർമ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയാമണിയുമായി ഫോണിൽ സംസാരിച്ചു. സിനോപ്സിസ് അയച്ച് കൊടുത്തു. എക്സെെറ്റഡായി ഓക്കെ പറഞ്ഞു. പ്രതിഫലത്തെച്ചൊല്ലി ചെറിയൊരു സംസാരം വന്നു. എനിക്കിത്ര വേണമെന്ന് പറഞ്ഞു. അത്രയും ഉണ്ടാകില്ല, നമുക്ക് നേരിൽ സംസാരിക്കാമെന്ന് ഞങ്ങൾ പറഞ്ഞു. വരുന്നതിന് മുമ്പ് അത് ഫിക്സ് ചെയ്ത് വരണം, ബാക്കിയൊന്നും എനിക്ക് വിഷയമല്ല പ്രതിഫലം കൃത്യമായിരിക്കണമെന്ന് പ്രിയാമണി. ഞങ്ങൾ വണ്ടിയെടുത്ത് ഒരു ടീമായി ബാഗ്ലൂരിൽ പോയി. അവരുടെ വീട്ടിൽ അച്ഛനോ അമ്മയോ ഉണ്ട്. സംസാരിച്ചു.
ആ ക്യാരക്ടർ ചെയ്യുന്നത് ആരാണെന്ന് ചോദിച്ചു. മണികണ്ഠനെന്ന് പറഞ്ഞു. മറ്റേ ക്യാര്കടർ ടിനി ടോമാണ് ചെയ്യുന്നതെന്നും പറഞ്ഞു. മുഖമേ മാറി. മാനേജരോട് സംസാരിച്ചിട്ട് പറയാം, നിങ്ങൾ ഒന്നോ രണ്ടോ മണിക്കൂർ പുറത്തെവിടെയെങ്കിലും പോയി വരാൻ പറഞ്ഞു. ഞങ്ങൾ പുറത്ത് പോയി. വിളിക്കുന്നേയില്ല. വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. ഒരു സമയം കഴിഞ്ഞപ്പോൾ ഞാൻ നേരിട്ടങ്ങ് വിളിച്ചു. വിളിച്ചപ്പോൾ നേരിട്ടങ്ങ് പറഞ്ഞു. വിജു ക്ഷമിക്കണം, എനിക്ക് ടിനിക്ക് ഓപ്പോസിറ്റ് അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. പ്രാഞ്ചിയേട്ടൻ കഴിഞ്ഞ് നിൽക്കുന്ന സമയമാണ്.
അങ്ങനെയുള്ള ആക്ടേർസിന്റെ കൂടെ ചെയ്ത ഞാനെങ്ങനെ ഇത് ചെയ്യും. എന്റെ മാനേജരൊന്നും സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു. നിങ്ങൾക്കിത് ആദ്യമേ പറയാതിരുന്നില്ലേ, ഇത് ഇൻസൽട്ടല്ലേ, ആക്ടർക്കും അത് ഇൻസൽട്ടല്ലേ എന്ന് ഞാൻ ചോദിച്ചു. അവസാനം ജഗതിയുടെ മകളാണ് ആ ക്യാരക്ടർ ചെയ്തത്. നല്ല കഴിവുള്ള കുട്ടിയായിരുന്നു ജഗതിയുടെ മകൾ ശ്രീലക്ഷ്മിയെന്നും വിജു വർമ വ്യക്തമാക്കി.
നേരത്തെ ടിനി ടോമിന്റെ നായികയാകാൻ വിസമ്മതിച്ചിനെക്കുറിച്ച് പ്രിയാമണി സംസാരിച്ചിട്ടുണ്ട്. മുൻനിര നായകൻമാർക്കൊപ്പം അഭിനയിക്കുന്ന സമയത്ത് അതേ നിരയിലില്ലാത്ത ടിനി ടോമിന്റെ നായികയാകുന്നത് ഉചിത തീരുമാനമല്ലെന്ന് തോന്നിയെന്നാണ് പ്രിയാമണി പറഞ്ഞത്.