aparna shaji|
Last Updated:
വ്യാഴം, 19 ജനുവരി 2017 (11:55 IST)
താരവിവാഹങ്ങൾ എന്നും വാർത്തയാണ്. എന്നാൽ ഇതുപോലെ കേരളക്കരയെ ചർച്ചാവിഷയമാക്കിയ ഒരു താരവിവാഹം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പറയാം. കാവ്യാ മാധവൻ ആദ്യമായി നായികയായപ്പോൾ നായകനായെത്തിയത് ദിലീപ് ആയിരുന്നു. ചന്ദ്രനുദിക്കുന്ന ഒരു രാവിലാണ് കാവ്യയും ദിലീപും കാണുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്ക്രീനിലേക്ക് ഒരുമിച്ച് വന്ന് പ്രേക്ഷകരുടെ കൈയ്യടി നേടിയപ്പോൾ അവർ പോലും ചിന്തിച്ച് കാണില്ല, വർഷങ്ങൾ കഴിഞ്ഞ് തങ്ങൾ ഒന്നിക്കുമെന്ന കാര്യം.
വയസ്സിന് മൂത്തത് ദിലീപ് ആണെങ്കിലും
സിനിമ മേഖലയിൽ സീനിയർ കാവ്യയാണ്. ‘പൂക്കാലം വരവായ്’ എന്ന സിനിമയില്‍ സ്കൂള്‍ കുട്ടിയായി
കാവ്യ അഭിനയിച്ച് ആറു മാസത്തിനു ശേഷമാണ് ദിലീപ് സിനിമാരംഗത്ത് എത്തുന്നത്. തുടക്കത്തിൽ സംവിധായകൻ കമലിന്റെ അസി. ഡയറക്ടർ ആയിരുന്നു. ക്യാമറയ്ക്ക് പിന്നിൽ നിന്നിരുന്ന ദിലീപിനെ കമൽ തന്നെയായിരുന്നു ക്യാമറയ്ക്ക് മുന്നിലേക്ക് നിർത്തിയത്. 1992ൽ പുറത്തിറങ്ങിയ എന്നോടിഷ്ടം കുടാമോ എന്ന സിനിമയിലെ ഒരു ചെറിയ വേഷമായിരുന്നു അന്ന് ദിലീപ് ചെയ്തത്. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു.
ഉള്ളടക്കം, വിഷ്ണുലോകം, ചമ്പക്കുളം തച്ചൻ, എന്നോടിഷ്ടം കൂടാമോ, മഴയെത്തും മുൻപെ, മന്ത്രമോതിരം എന്നീ സിനിമകളിൽ സഹസംവിധായകനായി ദിലീപ് പ്രവർത്തിച്ചിട്ടുണ്ട്. കഷ്ടപ്പെട്ട് തന്നെയാണ് എല്ലാവരും നായകാനുന്നതിന്റെ തെളിവ് തന്നെയായിരുന്നു ദിലീപ്. കുടുംബ പ്രേക്ഷരുടെ പ്രിയനായകനായി ദിലീപ് മാറിയത് പെട്ടന്നായിരുന്നു. ജനപ്രിയനായകന്‍ എന്ന ലേബലില്‍ ദിലീപ് വെള്ളിത്തിരയില്‍ തിളങ്ങിയപ്പോള്‍ ‘അടുത്ത വീട്ടിലെ കുട്ടി’ എന്ന ഇമേജ് ആയിരുന്നു കാവ്യ മാധവന് മലയാളിപ്രേക്ഷകര്‍ നൽകിയത്.
ദിലീപ് - കാവ്യ കൂടിക്കാഴ്ചയും പ്രത്യേകത നിറഞ്ഞതായിരുന്നു. കണ്ടപാടേ ‘അങ്കിളേ’ എന്നു വിളിച്ചെത്തിയ കാവ്യയെ ദിലീപ് തിരുത്തി ദിലീപേട്ടന്‍ എന്നാക്കി. ചന്ദ്രനുദിക്കുന്ന ദിക്കില്‍ നായികയും നായകനുമായ കാവ്യയും ദിലീപും നല്ല സുഹൃത്തുക്കളായി. പിന്നെ, ആ സൗഹൃദം നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് മേമ്പൊടിയായി. തെങ്കാശിപ്പട്ടണം, മീശമാധവന്‍, സദാനന്ദന്റെ സമയം, റണ്‍വേ, ലയണ്‍, പാപ്പി അപ്പച്ച തുടങ്ങി ഏറ്റവും അവസാനം അടൂര്‍ ഗോപാലകൃഷ്‌ണന്റെ പിന്നെയും സിനിമ വരെയെത്തി നില്‍ക്കുന്നു. മലയാളം കണ്ട ഏറ്റവും മികച്ച താരജോഡികൾ ആയിരുന്നു ഇരുവരും. ഒന്നിച്ചഭിനയിച്ച പതിനെട്ട് ചിത്രങ്ങളിൽ പകുതിയും തീയേറ്ററിൽ ചലനമുണ്ടാക്കിയതാണ്. എങ്കിലും മീശമാധവനിലെ മാധവനും രുക്മിണിയും തന്നെയാണ് പ്രേക്ഷകരുടെ പ്രീയപ്പെട്ട സിനിമ. തീയേറ്ററിൽ ഇരുവരുടെയും സിനിമകൾ തകർത്താടിയപ്പോൾ പുറത്ത് ഗോസിപ്പുകളും പുകഞ്ഞു.
നടിയും നര്‍ത്തകിയുമായിരുന്ന മഞ്ജു വാര്യരാണ് ദിലീപിന്റെ ആദ്യഭാര്യ. 1998ല്‍ വിവാഹിതരായ ഇവര്‍ പതിനാലു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുണ്ട്, മീനാക്ഷി. 2009ല്‍ ആയിരുന്നു നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ വിവാഹം. എന്നാല്‍, ഒരു വര്‍ഷത്തിനു ശേഷം കാവ്യ ഈ ബന്ധം വേര്‍പെടുത്തി. ഇരുവരും വിവാഹമോചിതരായതോടെ വിവാഹവാര്‍ത്തകള്‍ വീണ്ടും സജീവമായിരുന്നു. ദിലീപും കാവ്യയും വിവാഹിതരായതായി പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനിന്നു. അന്നുതന്നെ, താന്‍ കാവ്യയെ വിവാഹം കഴിക്കുകയാണെങ്കില്‍ എല്ലാവരെയും അറിയിച്ചായിരിക്കും വിവാഹം കഴിക്കുക എന്ന് അറിയിച്ചിരുന്നു. അതുപോലെ തന്നെ, ഫേസ്‌ബുക്ക് ലൈവിലൂടെ തന്റെ വിവാഹവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചതിനു ശേഷമാണ് ദിലീപ് വിവാഹവേദിയില്‍ എത്തിയത്.
മകള്‍ മീനാക്ഷിയുടെ പൂര്‍ണസമ്മതത്തോടെ ആയിരുന്നു വിവാഹമെന്ന് ദിലീപ് പറഞ്ഞു. വിവാഹത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ വിവാഹം കഴിക്കാന്‍ താനാണ് അച്‌ഛനോട് പറഞ്ഞതെന്ന് മീനാക്ഷി വ്യക്തമാക്കി. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന ദിലീപ് - കാവ്യ വിവാവവാര്‍ത്ത തികച്ചും അപ്രതീക്ഷിതമായാണ് മലയാളികളിലേക്ക് എത്തിയത്. അപ്രതീക്ഷിതമായിട്ട് എന്ന് പറയുന്നതോടൊപ്പം രഹസ്യവുമായിരുന്നു എന്ന് പറയാം. സിനിമക്കല്യാണം സിനിമകളിൽ മാത്രമല്ല, നേരിട്ടും കണ്ടിട്ടുണ്ടെന്ന് മലയാളികൾക്ക് ഇനി അവകാശപ്പെടാം.
വിവാഹമാണെന്ന് വ്യക്തമാക്കാതെയാണ് ക്ഷണിച്ച പലരും കല്യാണ മണ്ഡപത്തിൽ എത്തിയത്. നടി മേനകയുടെ വാക്കുകൾ തന്നെ അതിനുദാഹരണം. ക്ഷേത്രത്തിൽ പൂജയുണ്ടെന്ന് പറഞ്ഞാണ് മേനകയെ ഭർത്താവ് സുരേഷ് കുമാർ എറണാകുളത്തെത്തിച്ചത്. വാർത്ത പുറത്ത് പോകുമോ എന്ന് ഭയന്നാകാം ഇതെന്നാണ് മേനക നൽകിയ മറുപടി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് സാക്ഷിയായത്.
സിനിമാക്കഥ പോലെ സാസ്പെൻസിൽ നിറഞ്ഞ ക്ലൈമാക്സ് ആയിരുന്നു ഇരുവരുടെയും വിവാഹത്തിന്. ദിലീപും കാവ്യ മാധവനും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നതിന് എത്രയോ മുന്‍പേ മറ്റ് പലരും അത് തീരുമാനിച്ചിരുന്നു. മൂന്ന് മാസം മുമ്പ് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'വിവാഹക്കാര്യം തീരുമാനിക്കേണ്ടത് മകൾ മീനാക്ഷിയാണ്. മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. അവളുടെ മുന്നില്‍ ഞാനൊരു കൊച്ചുകുട്ടിയാണ്. കാവ്യയുമായി ചേര്‍ത്തുള്ള ഗോസിപ്പുകളൊന്നുമല്ല എന്റെ കുടുംബജീവിതം തകര്‍ത്തത്. മകളും സമ്മതിച്ചാലോ എന്ന ചോദ്യത്തിന് 'അത് അപ്പോഴല്ലേ' എന്നായിരുന്നു ദിലീപിന്റെ മറുപടി. അതെന്തായാലും നടന്നിരിക്കുകയാണ്.
മമ്മൂട്ടി, ജയറാം, നാദിര്‍ഷ, സിദ്ധാര്‍ഥ് ഭരതന്‍, കമല്‍, സലിംകുമാര്‍, നരെയ്ന്‍, ജോഷി, കുക്കു പരമേശ്വരന്‍, കവിയൂര്‍ പൊന്നമ്മ, സുരേഷ്‌കുമാര്‍, മേനക സുരേഷ്, കെപിഎസി ലളിത തുടങ്ങി സിനിമാരംഗത്തെ ഒട്ടേറെപ്പേര്‍ ചടങ്ങിനെത്തി. അവരില്‍ പലരും വിവരം അറിഞ്ഞതും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ്. അതിനാല്‍ വേദിയില്‍ നിന്ന് അകലെയായിരുന്ന പലരും താലികെട്ട് കഴിഞ്ഞാണ് എത്തിച്ചേര്‍ന്നത്.