നിഹാരിക കെ.എസ്|
Last Modified ശനി, 29 മാര്‍ച്ച് 2025 (12:46 IST)
സിനിമയ്ക്കുള്ളിലോ ആരാധകർക്കിടയിലോ ഹേറ്റേഴ്‌സ് ഇല്ലാത്ത നടിയാണ് അനുഷ്ക ഷെട്ടി. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രം അനുഷ്കയ്ക്ക് വലിയ ഫാൻ ബേസ് ആണ് ഉണ്ടാക്കിയത്. 2005 ൽ പുറത്തിറങ്ങിയ സൂപ്പർ എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക നായികയായി അരങ്ങേറ്റം നടത്തിയത്. ആദ്യമൊക്കെ അനുഷ്ക ഗ്ളാമർ വേഷങ്ങൾ ചെയ്യുമായിരുന്നു. അത്യാവശ്യം ഗ്ലാമറായി അഭിനയിക്കാൻ അനുഷ്കയ്ക്ക് മടിയുണ്ടായിരുന്നില്ല.
സംവിധായകരും നിർമാതാക്കളുമൊക്കെ അനുഷ്‌കയുടെ പിന്നാലെ കൂടിയെങ്കിലും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളോ സിനിമകളോ നടിയ്ക്ക് കാര്യമായി ലഭിച്ചില്ല. എല്ലാവരും ഗ്ലാമർ റോളുകളിലേക്കും റൊമാന്റിക് നായികയായിട്ടുമാണ് അവരെ പരിഗണിച്ചത്. എന്നാൽ, അനുഷ്‌ക ഷെട്ടി എന്ന നടിയുടെ കരിയർ വലിയൊരു വഴിത്തിരിവുണ്ടാവുന്നത് 2009 ലാണ്. കൊടി രാമകൃഷ്ണ സംവിധാനം ചെയ്ത അരുന്ധതി എന്ന സിനിമയിലും അതിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
തന്നെ ആ സിനിമയിൽ നായികയായി തിരഞ്ഞെടുക്കാനുണ്ടായ കാരണമെന്താണെന്ന് അന്ന് തനിക്കും മനസിലായില്ലെന്നാണ് നടി പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞത്. അന്ന് താനൊരു താരം പോലും ആയിരുന്നില്ല. എന്നിട്ടും ഇത്രയും വലിയൊരു കഥാപാത്രം അവരെന്നെ ഏൽപ്പിച്ചു. മാത്രമല്ല ആ സിനിമയുടെ നിർമ്മാതാവ് ശ്യാം പ്രസാദ് റെഡ്ഡിയുടെ സാമ്പത്തിക സ്ഥിതിയും മികച്ചതായിരുന്നില്ല.
അതേസമയം അരുന്ധിയിൽ നായികയായി ഈ പെണ്ണിനെയാണോ കിട്ടിയത്, അവരെ വേണ്ടെന്ന് ഉപദേശിച്ചവരുണ്ട്. എന്തിനാ ഇത്ര വലിയ സിനിമ ചെയ്യുമ്പോൾ ഇതുപോലൊരു പെൺകുട്ടിയെ നായികയാക്കിയത്. ഗ്ലാമറിന് അല്ലാതെ അവർ അഭിനയിക്കാൻ ഒട്ടും അറിയില്ലാത്തവളാണ്. കാണിക്കുന്നത് മണ്ടത്തരമാണെന്നും തുടങ്ങി സംവിധായകനും നിർമാതാവിനും തന്നെ കുറിച്ച് നെഗറ്റീവ് പറഞ്ഞ് കൊടുക്കാൻ ഒത്തിരി ആളുകൾ ഉണ്ടായിരുന്നു.
പക്ഷേ ശ്യാം പ്രസാദ് റെഡ്ഡി എന്നെ വിശ്വസിച്ചു. ഈ സിനിമ എന്നിലൂടെ വർക്ക്ഔട്ട് ആകുമെന്ന് അദ്ദേഹത്തിന് തോന്നി. അരുന്ധതിയിൽ അഭിനയിക്കുന്നത് വരെ എങ്ങനെ നന്നായി അഭിനയിക്കണമെന്നും സിനിമയിലെ ഗ്രാഫിക്സിനെ കുറിച്ചൊന്നും എനിക്ക് അധികം അറിവുണ്ടായിരുന്നില്ല. മുൻപൊരു അഭിമുഖത്തിലാണ് തന്റെ ഹിറ്റായ സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും നടി മനസ് തുറന്നത്.