രേണുക വേണു|
Last Modified ചൊവ്വ, 21 ഡിസംബര്‍ 2021 (18:46 IST)
കരിയറിലെ ആദ്യ രണ്ട് സിനിമകള്‍ തന്നെ സൂപ്പര്‍താരങ്ങളായ ദിലീപിനും പൃഥ്വിരാജിനുമൊപ്പം. ആദ്യ സിനിമ കൊണ്ട് തന്നെ ആരാധകര്‍ നെഞ്ചിലേറ്റിയ നടി. എന്നിട്ടും അഖില ശശിധരന്‍ പിന്നീട് മലയാള സിനിമയില്‍ സജീവമായില്ല. താരം സിനിമയില്‍ നിന്ന് മനപ്പൂര്‍വ്വം ബ്രേക്ക് എടുക്കുകയായിരുന്നു.
11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്യസ്ഥന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് അഖില സിനിമാ രംഗത്തേക്ക് എത്തിയത്. സിനിമയിലെ അഖിലയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാര്യസ്ഥനിലെ 'മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം' എന്ന പാട്ടിലൂടെ നിരവധി ആരാധകരെയാണ് അഖില സ്വന്തമാക്കിയത്.
കോഴിക്കോടുകാരിയായ അഖില അവിചാരിതമായാണ് സിനിമയിലേക്ക് എത്തിയത്. പഠനം ഗള്‍ഫില്‍ ആയിരുന്നു. ചെറുപ്പം മുതല്‍ നൃത്തത്തില്‍ അതീവ തല്‍പ്പരയായിരുന്നു അഖില. നര്‍ത്തകിയായ അഖില ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന വൊഡഫോണ്‍ തകധിമി എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോയില്‍ അഖില രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഏഷ്യാനെറ്റിലെ തന്നെ മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ എന്ന പരിപാടിയുടെ ആദ്യ സീസണില്‍ അഖില അവതാരകയായിരുന്നു. അങ്ങനെയാണ് അഖില സിനിമയിലേക്ക് എത്തുന്നത്.
ദിലീപ് ചിത്രം കാര്യസ്ഥന്‍ തിയറ്ററുകളില്‍ വിജയം നേടി. പിന്നാലെ പൃഥ്വിരാജ് ചിത്രം തേജാഭായ് ആന്റ് ഫാമിലിയിലും അഖില നായികയായി. സിനിമ അത്ര വിജയമായില്ല. എന്നാല്‍, അഖിലയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീടും നിരവധി സിനിമയിലേക്ക് അഖിലയ്ക്ക് അവസരം ലഭിച്ചെങ്കിലും താരം നോ പറഞ്ഞു. തേജാഭായിക്ക് ശേഷം സിനിമകളൊന്നും ചെയ്യേണ്ട എന്ന തീരുമാനത്തിലേക്ക് അഖില എത്തി. സിനിമാ അഭിനയം താല്‍പര്യമില്ല എന്നാണ് അക്കാലത്ത് ഒരു അഭിമുഖത്തില്‍ അഖില പറഞ്ഞിട്ടുള്ളത്. സിനിമ അഭിനയം നിര്‍ത്തിയ ശേഷം അഖില വിദേശത്തേക്ക് പോകുകയായിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയം നൃത്തത്തിലാണ് അഖില ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.