അപർണ|
Last Modified വെള്ളി, 22 ജൂണ്‍ 2018 (13:00 IST)
ഒരിടവേളയ്ക്ക് ശേഷം എല്ലാത്തരം പ്രേക്ഷകരും ഏറ്റെടുക്കുന്ന ഒരു മമ്മൂട്ടി ചിത്രം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഹനീഫ് അദേനി തിരക്കഥയൊരുക്കി, നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്‍റെ സന്തതികള്‍. കഴിഞ്ഞയാഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്.
ഒറ്റപ്പെട്ട സാമ്പത്തിക വിജയങ്ങള്‍ക്കപ്പുറത്ത് കുറച്ചുനാളായി മമ്മൂട്ടി ചിത്രങ്ങള്‍ ഭൂരിഭാഗം പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്നതില്‍ പരാജയപ്പെട്ടവയാണ്. ഇതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുകയാണ് അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടി ആരാധകരും സാധാരണ കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. പ്രതീക്ഷകൾ വാനോളമുയർത്തി മമ്മൂട്ടിയുടെതായി വരാനിരിക്കുന്ന ചിത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
പേരൻപ്
അടുത്തതായി ഒരു തമിഴ് ചിത്രമായിരിക്കും മമ്മൂട്ടിയുടേതായി എത്തുക. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ‘പേരന്‍പ്’ ആണ് ആ സിനിമ. ഗംഭീര കഥാപാത്രമാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അഞ്ജലിയാണ് ചിത്രത്തിലെ നായിക.
മാമാങ്കം
‘മാമാങ്കം’ എന്ന ബ്രഹ്മാണ്ഡചിത്രവും മെഗാസ്റ്റാറിന്‍റെതായി 2018ല്‍ സംഭവിക്കും. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ഇത്.
വള്ളുവനാട്ടിലെ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥ പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിലൂടെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ സജീവ് പിള്ള പൂര്‍ത്തിയാക്കിയത്.
രാജ 2
‘രാജ 2’ എന്ന ചിത്രവും ഈ വർഷം സംഭവിക്കും. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം രാജ 2ന്റെ ഷൂട്ടിംഗ് ജൂലൈയില്‍ തുടങ്ങും. ജൂലൈയില്‍ തുടങ്ങുന്ന ആദ്യ ഷെഡ്യൂളിനു ശേഷം വൈശാഖ് നിവിന്‍ പോളി ചിത്രത്തിലേക്ക് നീങ്ങും. നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മിക്കുന്നത്.
ഉണ്ട
അനുരാഗ കരിക്കിന്‍വെള്ളം എന്ന വിജയചിത്രം ഒരുക്കിയ ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം. അന്‍വര്‍ റഷീദാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നക്‍സല്‍ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിന്‍റേതെന്നാണ് വിവരം. കേരളത്തിന് പുറത്താവും ചിത്രീകരണം.
യാത്ര
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം. മഹി പി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക നയന്‍താരയാണ്. സൂര്യയും കീർത്തി സുരേഷും മറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബിലാൽ
ബിഗ് ബിയുടെ രണ്ടാം ഭാഗം. മലയാളത്തിലെ പോപ്പുലര്‍ സൂപ്പര്‍താര സിനിമകളുടെ ഫോര്‍മാറ്റിലേക്ക് പുതിയ ഭാവുകത്വം കൊണ്ടുവന്ന സിനിമ. അമല്‍ നീരദിന്‍റെ അരങ്ങേറ്റചിത്രമായ ബിഗ് ബിയുടെ സീക്വലാണ് ബിലാല്‍.
അടുത്ത വർഷം ചിത്രം തിയേറ്ററുകളിൽ എത്തും.
കുട്ടനാടൻ ബ്ലോഗ്
സേതുവിന്‍റെ തിരക്കഥ, സംവിധാനം. പൂര്‍ണമായും കുട്ടനാട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ
സിനിമ ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലെ ഒരു ബ്ലോഗെഴുത്തുകാരന്‍റെ കഥ പറയുന്നു. ഹരി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്.
കുഞ്ഞാലി മരയ്ക്കാർ
മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരയ്ക്കാറും ഉടൻ തന്നെ യാഥാർത്ഥ്യമാകും. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
അൻവർ റഷീദ് ചിത്രം
മമ്മൂട്ടിയെ നായകനാക്കി അരങ്ങേറിയ സംവിധായകനാണ് അന്‍വര്‍ റഷീദും. 2005 ല്‍ പുറത്തെത്തിയ രാജമാണിക്യം കൂടാതെ 2008ല്‍ റിലീസ് ചെയ്ത അണ്ണന്‍ തമ്പിയും ഈ ടീമിന്‍റേതായി ഉണ്ട്. മമ്മൂട്ടിക്കൊപ്പം ഇനിയൊരു സിനിമ എന്നെന്ന ചോദ്യം അന്‍വര്‍ അഭിമുഖങ്ങളില്‍ സ്ഥിരം നേരിടുന്നതാണ്. അത്തരമൊരു ചിത്രത്തിനായി ഇരുവരും ഒരുമിക്കുന്നുവെന്ന് സൂചനകളുണ്ട്.