ബിഡിജെ‌എസ് ഇടതുപക്ഷത്തേക്കോ? സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി!

BDJS, Thushar Vellappally, BJP, Kummanam, Amit Shah, ബി ഡി ജെ എസ്, തുഷാര്‍ വെള്ളാപ്പള്ളി, ബി ജെ പി, കുമ്മനം, അമിത് ഷാ
ആലപ്പുഴ| ജോണ്‍ കെ ഏലിയാസ്| Last Modified ബുധന്‍, 14 മാര്‍ച്ച് 2018 (15:18 IST)
ബി ജെ പിയുമായി അകന്നുനില്‍ക്കുന്ന ബി ഡി ജെ എസ് ഇടതുപക്ഷത്തേക്കെന്ന് സൂചന. ഇതുസംബന്ധിച്ച സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി. മാത്രമല്ല, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ പ്രഖ്യാപിച്ചു.

രാഷ്ട്രീയത്തില്‍ അബ്‌ദുള്‍ നാസര്‍ മദനിയെ ഒപ്പം കൂട്ടാമെങ്കില്‍ ബി ഡി ജെ എസിനെ എന്തുകൊണ്ട് കൂടെക്കൂട്ടാന്‍ പറ്റില്ല എന്നത് ചിന്തിക്കേണ്ടതല്ലേ എന്നാണ് തുഷാറിന്‍റെ ചോദ്യം. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ ഇടതുപക്ഷപ്രവേശനത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് തുഷാര്‍ ഇങ്ങനെ പറഞ്ഞത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി ഏകദേശം ഇടതുപക്ഷ മനോഭാവത്തോടെയാണ് നില്‍ക്കുന്നത്. ഇക്കാര്യം വെള്ളാപ്പള്ളി നടേശന്‍റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ബി ഡി ജെ എസ് തങ്ങളോടൊപ്പം തന്നെയാണെന്ന് കുമ്മനം രാജശേഖരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ബി ഡി ജെ എസ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ബി ജെ പിയെ ഒഴിവാക്കിയുള്ള എന്‍‌ഡി‌എ മുന്നണിയാണ് തുഷാര്‍ വെള്ളാപ്പള്ളി ലക്‍ഷ്യമിടുന്നത്. എന്നാല്‍ അങ്ങനെയൊരു സംവിധാനത്തോട് ഇടതുമുന്നണി എങ്ങനെ പ്രതികരിക്കുമെന്നറിയില്ല.

ബി ഡി ജെ എസ് ഒറ്റയ്ക്ക് വേണമെങ്കില്‍ ഇടതുമുന്നണിയോട് സഹകരിക്കാമെന്നൊരു നിലപാട് എല്‍ ഡി എഫ് സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് ഇടതുമുന്നണിയുടെ പ്രസ്റ്റീജ് വിഷയം കൂടിയാണ്. അതിനാല്‍ ബി ഡി ജെ എസിനെ കൂടെ കൂട്ടുന്നതിനോട് അധികം ആലോചിക്കേണ്ട സാഹചര്യം ഇടതുമുന്നണിക്ക് ഉണ്ടാകില്ല.

കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പമോ യു ഡി എഫിനൊപ്പമോ നില്‍ക്കുകയെന്നതാണ് നല്ലതെന്ന് ബി ഡി ജെ എസ് തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഈഴവ സമുദായാംഗങ്ങളില്‍ കൂടുതലും ഇടതുപക്ഷ ആഭിമുഖ്യമുള്ളവരാണെന്നതിനാലും ഭരണമുന്നണിയെന്ന നിലയിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനായിരിക്കും ബി ഡി ജെ എസിന് താല്‍പ്പര്യം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി അനുകൂലമായി പ്രതികരിച്ചാല്‍ ബി ഡി ജെ എസ് ഇടതുപാളയത്തിന്‍റെ ഭാഗമായിരിക്കുമെന്ന് തീര്‍ച്ച.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :