സിന്ധുനദീജല പങ്കുവെയ്ക്കല്‍ കരാര്‍ ഉടലെടുത്തത് പാകിസ്ഥാന്റെ പേടിയില്‍ നിന്ന്; ഇന്ത്യ ഇപ്പോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതും പാകിസ്ഥാന്‍ പേടിച്ചത്

സിന്ധുനദീജല പങ്കുവെയ്ക്കല്‍ കരാര്‍ ഉടലെടുത്തത് പാകിസ്ഥാന്റെ പേടിയില്‍ നിന്ന്

Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (15:51 IST)
സിന്ധുനദീജല കരാര്‍ രൂപപ്പെട്ടത് പാകിസ്ഥാന്റെ പേടിയില്‍ നിന്നാണ്. യുദ്ധകാലത്ത് വെള്ളം തരാതിരിക്കുമോ എന്ന പേടിയില്‍ നിന്ന്. എന്നാല്‍, വെള്ളം ഒഴുകാതിരിക്കാന്‍ യുദ്ധം പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ ഇപ്പോള്‍. ഉറി ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കും എന്ന് ഉറ്റുനോക്കിയവരുടെ മുമ്പില്‍ യുദ്ധം എന്നല്ല വെള്ളം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. രക്തവും ജലവും ഒരുമിച്ച് ഒഴുകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതാണ്.

ഇങ്ങനെയൊരു കരാറിനു വേണ്ടി പാകിസ്ഥാന്‍ എന്തിനിത്ര നിര്‍ബന്ധം പിടിച്ചു എന്നാണ് ഇനി വ്യക്തമാക്കേണ്ടത്. കാരണം, പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികള്‍ എല്ലാം ആദ്യം ഇന്ത്യയില്‍ കൂടിയാണ് ഒഴുകുന്നത് എന്നതു തന്നെ. പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദിയിലെ വെള്ളം ഉപയോഗിക്കുന്നതില്‍ ഇന്ത്യയ്ക്ക് വ്യവസ്ഥതകള്‍ ഉണ്ടായിരുന്നു. ജലസേചനത്തിനും യാത്രയ്ക്കും വൈദ്യുതോല്പാദനത്തിനും വെള്ളം ഉപയോഗിക്കുന്നതിന് ആയിരുന്നു വ്യവസ്ഥകള്‍ ഉണ്ടായിരുന്നത്. എന്നാല്‍, പാകിസ്ഥാന് ഇന്ത്യയെ പേടിയായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഇന്ത്യ നദികളെ തിരിച്ചു വിട്ടാലോ ? യുദ്ധകാലങ്ങളില്‍ അതിനുള്ള സാധ്യതകള്‍ കൂടുതലുമാണ്. ഇക്കാരണങ്ങളാല്‍, പാകിസ്ഥാന്റെ പേടിയില്‍ നിന്നാണ് സിന്ധു നദീജല കരാര്‍ ഉടലെടുത്തത്.

1960ല്‍ ആയിരുന്നു സിന്ധു നദീജല കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന അയൂബ് ഖാനും ആയിരുന്നു 1960 സെപ്തംബര്‍ 19ന് ഈ കരാറില്‍ ഒപ്പുവെച്ചത്. കറാച്ചിയില്‍ വെച്ച് ആയിരുന്നു കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ അനുസരിച്ച് കിഴക്കോട്ട് ഒഴുകുന്ന ബിയാസ്, രാവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്ഥാനും ലഭിച്ചു.

വെള്ളത്തിനായി ഇന്ത്യയും പാകിസ്ഥാനും യുദ്ധം ഉണ്ടായിട്ടില്ല. 1960ല്‍ കരാര്‍ അംഗീകരിച്ചതിനു ശേഷം കരാറിലെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നു കൊണ്ടുതന്നെ തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാന്‍ കഴിഞ്ഞു.
കരാര്‍ അനുസരിച്ച് സിന്ധുനദിയിലെ 20 ശതമാനം വെള്ളം മാത്രമേ ഇന്ത്യയ്ക്ക് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ലോകത്തു തന്നെ ഒപ്പുവെച്ചിരിക്കുന്ന നദീജല കരാറുകളില്‍ ഏറ്റവും വിജയകരമായ ഒന്നാണ് സിന്ധുനദീജല കരാര്‍. എന്നാല്‍, ഉറി ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നിലപാട് കടുപ്പിക്കുമ്പോള്‍ ഈ സിന്ധുനദിയില്‍ രക്തമൊഴുകുമോ എന്നാണ് സമാധാനപ്രേമികള്‍ പേടിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :