അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 മെയ് 2021 (21:44 IST)
സിംബാബ്‌വെയുമായുള്ള പാകിസ്താന്റെ ടെസ്റ്റ് മത്സരങ്ങളെ വിമർശിച്ച് മുൻ
പാകിസ്ഥാൻ വിക്കറ്റ് കീപ്പിങ് താരം റഷീദ് ലത്തീഫ്. ഇത്തരം ഏകപക്ഷീയമായ മത്സരങ്ങൾ കൊണ്ട് ക്രിക്കറ്റിനും പാകിസ്താനും യാതൊരു പ്രയോജനവും ലഭിക്കില്ലെന്ന് റഷീദ് പറഞ്ഞു.
എന്താണ് ഇത്തരം ഒരു സീരീസ് കൊണ്ട് ഉദ്ദേശിക്കുന്നത്. പാകിസ്ഥാൻ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നു എന്നത് സന്തോഷം നൽകുന്നു. പക്ഷേ ഒരു ടീം എന്ന നിലയിൽ പാകിസ്ഥാന് മുന്നേറണമെങ്കിൽ കൂടുതൽ കരുത്തരായ എതിരാളികളോടായിരിക്കണം മത്സരിക്കേണ്ടത്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ,ന്യൂസിലൻഡ് എന്നീ ടീമുകൾക്കെതിരെ പാകിസ്ഥാൻ കളിക്കുന്നതായിരിക്കും ആരാധകരും ഇഷ്‌ടപ്പെടുക. ഇവിടെ വിജയിക്കുന്നതോ തോൽക്കുന്നതോ വിഷയമല്ല. പാകിസ്ഥാൻ ഇന്ത്യയോട് എന്തായാലും മത്സരിക്കുന്നില്ല. പക്ഷേ അപ്പോഴും പാകിസ്ഥാൻ നിർബന്ധമായും കളിച്ചിരിക്കേണ്ട മറ്റ് ടീമുകളുണ്ട്. റഷീദ് ലത്തീഫ് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെ ആധിപത്യം പുലർത്തുന്ന പ്രകടനമാണ് പാകിസ്ഥാൻ കാഴ്‌ച്ചവെച്ചത്. എന്നാൽ അവരുടെ മികച്ച താരങ്ങൾ ഇല്ലാത്ത ടീമിനെയാണ് പരാജയപ്പെടുത്തിയതെന്ന് മറന്നുകൂടാ. അതേസമയം ഒരു ടി20 മത്സരത്തിൽ ദുർബലരായ സിംബാബ്‌വെയുമായി പരാജയപ്പെടുകയും ചെയ്‌തു. ഇതാണ് കൂടുതൽ തന്നെ വിഷമിപ്പിച്ചതെന്ന് മറ്റൊരു പാകിസ്ഥാൻ മുൻ താരം മൊഹ്‌സിൻ ഖാൻ പറഞ്ഞു.