അഭിറാം മനോഹർ|
Last Modified തിങ്കള്‍, 4 മാര്‍ച്ച് 2024 (20:08 IST)
ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഐപിഎല്ലിലെ റണ്‍വേട്ടക്കാരെയും വിക്കറ്റ് വേട്ടക്കാരെയും പ്രവചിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം യൂസ്വേന്ദ്ര ചാഹല്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചാഹല്‍ ഐപിഎല്ലിലെ മികച്ച താരങ്ങളാവുക ആരെല്ലാമെന്ന് പ്രവചിച്ചത്.
റണ്‍വേട്ടയില്‍ രാജസ്ഥാനിലെ സഹതാരങ്ങളായ യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്ട്‌ലര്‍ എന്നിവരില്‍ ഒരാളാകും ഒന്നാമതെത്തുകയെന്ന് ചാഹല്‍ പറയുന്നു. വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തുക താനായിരിക്കുമെന്നും രണ്ടാം സ്ഥാനത്ത് ഗുജറാത്ത് താരമായ റാഷിദ് ഖാനായിരിക്കും എത്തുകയെന്നും ചാഹല്‍ പറഞ്ഞു. നിലവില്‍ ബിസിസിഐ കരാറില്‍ ഉള്‍പ്പെടുത്തിയ താരങ്ങളില്‍ ചാഹല്‍ ഉള്‍പ്പെട്ടിരുന്നില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ ചാഹലിന് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറന്നേക്കും. നിലവില്‍ ചാഹലിന് പകരം രവി ബിഷ്‌ണോയിയെയാണ് ഇന്ത്യന്‍ ടീം ടി20യില്‍ പരിഗണിക്കുന്നത്.