രേണുക വേണു|
Last Modified ശനി, 16 ഡിസംബര്‍ 2023 (10:38 IST)
രോഹിത് ശര്‍മയ്ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് നായകനായി ഹാര്‍ദിക് പാണ്ഡ്യ എത്തുമ്പോള്‍ ജസ്പ്രീത് ബുംറയ്ക്ക് നീരസം. രോഹിത്തിനു ശേഷം മുംബൈ നായക സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെട്ടിരുന്നത് ബുംറയാണ്. ഹാര്‍ദിക് തിരിച്ചെത്തിയതോടെ ബുംറയുടെ ക്യാപ്റ്റന്‍സി സാധ്യതകള്‍ പൂര്‍ണമായി മങ്ങി. നായകസ്ഥാനം വാഗ്ദാനം ചെയ്താണ് ഹാര്‍ദിക്കിനെ മുംബൈ ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിച്ചത്.
ഒരിക്കല്‍ മുംബൈയോട് നീതികേട് കാണിച്ചു പുറത്തുപോയ താരമാണ് ഹാര്‍ദിക്. കഴിഞ്ഞ മെഗാ താരലേലത്തിനു മുന്‍പായി ഹാര്‍ദിക്കിനെ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിനു താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ പ്രതിഫലത്തിനും ക്യാപ്റ്റന്‍സിക്കും വേണ്ടി ഹാര്‍ദിക് ഗുജറാത്തിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഹാര്‍ദിക് ഫ്രാഞ്ചൈസി വിട്ടപ്പോഴും ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യന്‍സില്‍ ഉറച്ചു നിന്നു.
ഫ്രാഞ്ചൈസിയോടുള്ള അടുപ്പത്തിന്റെ പേരിലാണ് 2022 മെഗാ താരലേലത്തിനു മുന്നോടിയായി ജസ്പ്രീത് ബുംറ 12 കോടിക്ക് മുംബൈ ഇന്ത്യന്‍സില്‍ ഉറച്ചുനിന്നത്. അന്ന് മുംബൈ ബുംറയെ റിലീസ് ചെയ്തിരുന്നെങ്കില്‍ താരലേലത്തില്‍ 15 കോടിക്ക് മുകളില്‍ ഉറപ്പായും സ്വന്തമാക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഫ്രാഞ്ചൈസിക്ക് വേണ്ടി ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടും 15 കോടിക്ക് ഹാര്‍ദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ചതിലും ക്യാപ്റ്റന്‍സി നല്‍കിയതിലും ബുംറയ്ക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.