Suryakumar Yadav: ഒരു കളിക്കാരനും ഇങ്ങനെയൊരു പുറത്താകല്‍ ആഗ്രഹിക്കില്ല, നൂറ് ശതമാനം കോലിയുടെ തെറ്റ്; സൂര്യക്ക് വേണ്ടി വാദിച്ച് ആരാധകര്‍

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 34-ാം ഓവറിലെ അഞ്ചാം പന്തിലാണ് സൂര്യ പുറത്തായത്

രേണുക വേണു| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2023 (09:17 IST)

Suryakumar Yadav: ലോകകപ്പിലെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ പുറത്താകല്‍ ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തിയിക്കുകയാണ്. ഏകദിന ലോകകപ്പ് അരങ്ങേറ്റ മത്സരത്തിനു ഇറങ്ങിയ സൂര്യ റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് സൂര്യക്ക് നേടാന്‍ സാധിച്ചത്. വിരാട് കോലിയുടെ പിഴവിനെ തുടര്‍ന്നാണ് സൂര്യക്ക് വിക്കറ്റ് നഷ്ടമായത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 34-ാം ഓവറിലെ അഞ്ചാം പന്തിലാണ് സൂര്യ പുറത്തായത്. കവറിലേക്ക് കളിച്ച ഷോട്ടിനു പിന്നാലെ സൂര്യ സിംഗിളിനായി ശ്രമിച്ചു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന വിരാട് കോലിയും സിംഗിളിന് ശ്രമിച്ചിരുന്നു. എന്നാല്‍ പന്ത് ഫീല്‍ഡറുടെ കൈകളില്‍ എത്തിയെന്ന് കണ്ടതും കോലി തന്റെ ശ്രമം ഉപേക്ഷിച്ചു. അപ്പോഴേക്കും സൂര്യ പിച്ചിന്റെ പകുതി കടന്നിരുന്നു. കോലിയാകട്ടെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ സുരക്ഷിതനായി കയറി നില്‍ക്കുകയും ചെയ്തു. തിരിച്ചോടുകയല്ലാതെ സൂര്യക്ക് വേറെ മാര്‍ഗം ഇല്ലായിരുന്നു. സൂര്യ ക്രീസില്‍ എത്തുമ്പോഴേക്കും വിക്കറ്റ് കീപ്പര്‍ ടോം ലാതം പന്ത് കൊണ്ട് വിക്കറ്റ് ഇളക്കിയിരുന്നു. നിരാശനായാണ് സൂര്യ പിന്നീട് കളം വിട്ടത്.
വിരാട് കോലിയുടെ പിഴവാണ് സൂര്യക്ക് വിക്കറ്റ് നഷ്ടമാകാന്‍ കാരണമെന്ന് ആരാധകര്‍ പറയുന്നു. സ്വന്തം വിക്കറ്റിനു മാത്രം കോലി പ്രാധാന്യം നല്‍കിയതാണ് ഈ പുറത്താകലിലേക്ക് നയിച്ചത്. വിരാട് കൃത്യമായി ഓടിയിരുന്നെങ്കില്‍ സൂര്യക്ക് വിക്കറ്റ് നഷ്ടമാകില്ലായിരുന്നെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :