ട്വന്റി-20; പാക് ദേശീയഗാനാലാപനത്തിന്റെ വരികൾ തെറ്റിച്ചുവെന്ന് അരാധകർ, മാപ്പ് പറഞ്ഞ് ഗായകൻ

ട്വന്റി-20; പാക് ദേശീയഗാനാലാപനത്തിന്റെ വരികൾ തെറ്റിച്ചുവെന്ന് അരാധകർ, മാപ്പ് പറഞ്ഞ് ഗായകൻ

കൊൽക്കത്ത| aparna shaji| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (18:44 IST)
ഈഡ‌ൻ ഗാർഡസിലെ ചരിത്രപോരാട്ടത്തിന്റെ മുന്നോടിയായി നടന്ന പാകിസ്താന്റെ ദേശീയാലാപനം വിവാദത്തിലേക്ക്. പാകിസ്താന്റെ ദേശീയഗാനം തെറ്റായ രീതിയിലാണ് ആലപിച്ചതെന്നാരോപിച്ച് പാക് ആരാധകർ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

വിഖ്യാത പാക്ക് ഗായകന്‍ ഷഫ്ഖത്ത് അമനത് അലിയാണ് ചരിത്രപോരാട്ടത്തിന് മുന്നോടിയായി ഈഡൻ ഗാർഡസിൽ പാക്ക് ദേശീയഗാനം ആലപിച്ചത്. ഗായകൻ പാടിയ വരികൾ തെറ്റായിരുന്നുവെന്നും പാക്കിസ്ഥാനില്‍ എത്തുമ്പോള്‍ രാജ്യദ്രോഹിയെ നാടുകടത്തണമെന്നും ആവശ്യപ്പെട്ട് പലരും രംഗത്തെത്തിയിരുന്നു.

പ്രതിഷേധം ശക്തമായതോടെ മാപ്പ് ചോദിക്കാനും ഗായകൻ മറന്നില്ല. മാപ് പറഞ്ഞുകൊണ്ടുള്ള കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു. സ്റ്റേഡിയത്തിലെ ശബ്ദ-സാങ്കേതിക പ്രശ്‌നങ്ങളാണ് ആലാപനം മോശമാകാന്‍ കാരണമെന്നും ഗായകന്‍ അവകാശപ്പെടുന്നു. ദേശീയ ഗാനത്തിന്റെ വരികൾ തെറ്റായി ആലപിച്ചു എന്ന വാദത്തെ അദ്ദേഹം എതിർക്കുക മാത്രമല്ല മൈക്കിന്റെ പ്രശ്‌നം മൂലമാകാം തന്റെ വാക്കുകള്‍ തെറ്റായി ആരാധകര്‍ കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ദേശീയഗാനം ആലപിച്ച അമിതാഭ് ബച്ചന്റെ ആലാപനം വളരെ സുന്ദരമായിരുന്നെന്നും തന്നെ ക്ഷണിച്ച സൗരവ് ഗാംഗുലിയെ നന്ദി അറിയിക്കാനും ഗായകൻ മറന്നില്ല. കളിയില്‍ പാക്കിസ്ഥാന്‍ തോറ്റതും തനിക്കെതിരെയുള്ള അക്രമണത്തിന് കൂടുതല്‍ കാരണമായെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഹിന്ദി, ബംഗാളി സിനിമാഗാനങ്ങളുള്‍പ്പെടെ ആയിരക്കണക്കിന് ഗാനങ്ങളാലപിച്ച ഗായകനാണ് ഷഫ്ഖത്ത് അമനത് അലി. പാക്കിസ്ഥാനില്‍, നായകന്‍ അഫ്രീദിക്കെതിരെ വലിയ രോഷപ്രകടനം നടന്നുകൊണ്ടിരിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :