പന്തിന് ഇടമില്ല, ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Last Updated: തിങ്കള്‍, 15 ഏപ്രില്‍ 2019 (17:59 IST)
ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് ടീമിൽ ഇടം പിടിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന വിക്കറ്റ് കിപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് പക്ഷേ ടീമിൽ ഇടം കണ്ടെത്താനായില്ല. ദിനേശ് കാർത്തിക്കിനാണ് രണ്ടാം വിക്കറ്റ് കീപ്പറായി അവസരം നൽകിയിരിക്കുന്നത്.

അമ്പാട്ടി രായിടുവിനെയും, അജിങ്ക്യ രഹാനെയെയും സെലക്ടർമാർ തഴഞ്ഞു. അതേസമയം ടീമീലെത്തുന്ന കാര്യത്തിൽ സംശയം നിലനിന്നിരുന്ന വിജയ് ശങ്കർ, ലോകേശ് രാഹുൽ, രവീന്ദ്ര ജഡേജ എന്നിവർ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. നല് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാൻ അടങ്ങുന്ന ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാന വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണി തന്നെ. രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്ക്, പേസ് ബോളിങ് ഓള്‍റൗണ്ടർമാരായി വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ, പേസ് ബോളിങ് സ്പെഷ്യലിസ്റ്റുകളായി ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി. സ്പിൻ ഓൾറൗണ്ടർമാരായി കേദാർ ജാദവ്, രവീന്ദ്ര ജഡേജ. സ്പിൻ സ്പെഷലിസ്റ്റുകളായി കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഋഷഭ് പന്ത് ടീമിലെത്തും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ പരിചയമുള്ള ദിനേശ് കാർത്തിക്കായിരിക്കും രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഉചിതം എന്ന തീരുമാനത്തിൽ സെലക്ടർമാർ എത്തിഛേരുകയായിരുന്നു. മുൻ ഇന്ത്യൻ താരം എം എസ് കെ പ്രസാദ് അധ്യക്ഷനായ സെലക്ഷൻ കമ്മറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

മെയ് 30 മുതൽ ജൂലായ് 14വരെ ഇംഗ്ലണ്ടിലും വെയിൽ‌സിലുമയാണ് ഏകദിന ലോകകപ്പ്. ദക്ഷിണാഫ്രിക്കക്കെതിരെ ജൂൺ 5 നാണ് ഇന്ത്യ ആദ്യം കളത്തിലിറങ്ങുക. ലോകകപ്പിനായി ടീം പ്രഖ്യാപിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 23ആണ്. ഇതിനുള്ളിൽ ഐ സി സി യുടെ അനുവാദം കൂടാതെ തന്നെ ടീമിൽ മാറ്റം വരുത്താനാകും. ഈ സാധ്യത കണക്കിലെടുത്ത് ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ശക്തമാകുന്നുണ്ട്.

ടീം ഇന്ത്യ:

  • വിരാട് കോഹ്‍ലി (ക്യാപ്റ്റൻ)
  • രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ‌)
  • മഹേന്ദ്രസിങ്
    ധോണി (വിക്കറ്റ് കീപ്പർ)
  • ശിഖർ ധവാൻ
  • ലോകേഷ് രാഹുൽ
  • ദിനേഷ് കാർത്തിക്
  • കേദാർ ജാദവ്
  • ഹാർദിക് പാണ്ഡ്യ
  • വിജയ് ശങ്കർ
  • കുൽദീപ് യാദവ്
  • യുസ്‌വേന്ദ്ര ചാഹൽ
  • ജസ്പ്രീത് ബുമ്ര
  • ഭുവനേശ്വർ കുമാർ
  • മുഹമ്മദ് ഷമി
  • രവീന്ദ്ര ജഡേജ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :